വൈപ്പിൻ: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ അന്യനാട്ടുകാരയ മത്സ്യത്തൊഴിലാളികൾ ജില്ല വിട്ട് പോകണമെന്ന് ജില്ലാ ഭരണകൂടം ശനിയാഴ്ച നൽകിയ അന്ത്യശാസനം ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഇടപെടൽമൂലം അട്ടിമറിക്കപ്പെട്ടതായി മുനന്പത്തെ മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
ഇതര നാടുകളിലെ മത്സ്യത്തൊഴലാളികൾ ഇന്ന് രാവിലെയും മുനന്പം ഹാർബറിൽ അടുത്ത് മത്സ്യവിൽപ്പന നടത്തി. മാത്രമല്ല നിരവധി ആളുകൾ ഇന്ന് പുലർച്ചെ മുനന്പത്തുനിന്നു മത്സ്യബന്ധനത്തിനു പോയിട്ടുണ്ട്.
എന്നാൽ ശനിയഴ്ചയിലെ ഉത്തരവിന്റെ പിൻബലത്തിൽ ഒരു ഉദ്യോഗസ്ഥനും ഇവരെ തടയുകയോ ഇവർക്കെതിരേ നടപടിയെടുക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഈ സാഹചര്യത്തിൽ മുനന്പം നിവാസികൾ കടുത്ത ആശങ്കയിലാണ്.
കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ ഇതര സംസ്ഥാന തൊഴിലാളികളും ഇതര ജില്ലയിൽ നിന്നുള്ള തൊഴിലാളികളും മുനന്പം വിട്ട് സ്വന്തം നാടുകളിലേക്ക് തിരികെ പോകണമെന്ന് ശനിയാഴ്ച മുനന്പം ഹാർബറിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.എസ്. സാജുവിന്റെ നേതൃത്വത്തിൽ എത്തിയ ഫിഷറീസ് – ആരോഗ്യ വകുപ്പ്- പോലീസ് സ്ക്വാഡാണ് ഉത്തരവിട്ടത്.
100 വള്ളങ്ങളും 500 ഓളം തൊഴിലാളികളും കണ്ടെയ്ൻമെന്റ് സോണുകളായ കൊല്ലം ശക്തികുളങ്ങര, തിരുവനന്തപുരം പൊഴിയൂർ, കുളത്തൂർ തുടങ്ങിയ മേഖലയിൽനിന്നു മത്സ്യബന്ധനത്തിനായി മുനന്പത്ത് എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞാണ് പരിശോധനക്കായി സ്ക്വാഡ് എത്തിയത്.
ജാഗ്രതക്കുറവ് മൂലം കോവിഡ് ബാധിതർ എത്തിയതിനാൽ സംസ്ഥാനത്തെ നാല് മത്സ്യബന്ധന തുറമുഖങ്ങൾ ഇതിനകം അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് മുനന്പത്തും ആവർത്തിക്കാതിരിക്കാനാണ് ട്രോളിംഗ് നിരോധനത്തിനുശേഷം കണ്ടെയ്ൻമെന്റ് സോണിൽനിന്ന് എത്തിയവരോട് തിരികെ നാട്ടിലേക്ക് പോകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.
അതേസമയം ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനുമേലെ വകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ മൂലം ലോക്ക് ഡൗണിന്റെ ഭാഗമായി മത്സ്യമേഖലയിൽ പ്രഖ്യാപിച്ച സുരക്ഷാ നപടപടികൾ മരവിപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർക്ക് ലഭിച്ച സൂചന.
ഇതേത്തുടർന്നാണ് ലോക്ക് ഡൗണ് ചട്ടങ്ങൾ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ഫഷറീസ്-ആരോഗ്യവകുപ്പ്- പോലീസ് ഉദ്യോഗസ്ഥർക്ക് പിറ്റേന്ന് എല്ലാം വിഴുങ്ങേണ്ടി വന്നതെന്നും നാട്ടുകാർ പറയുന്നു.
ഈ സാഹചര്യത്തിൽ മുനന്പ മത്സ്യമേഖലയിൽ കോവിഡ് വ്യാപനമുണ്ടായാൽ ഉത്തരവാദി വകുപ്പ് മന്ത്രിയുടെ ഓഫീസിനായിരിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.