ചെറായി: കൊല്ലത്ത് നിന്നെത്തി മുനന്പത്ത് കടലിൽ കുളിച്ചുകൊണ്ടിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഓസ്ട്രേലിയയിലേക്കുള്ള ശ്രീലങ്കൻ അഭയാർഥി ബോട്ടിൽ നിന്നും കടലിൽ ചാടി രക്ഷപെട്ടയാളാണെന്നാരോപിച്ചാണ് കൊല്ലം കാവനാട് സ്വദേശിയായ യുവാവിനെ നാട്ടുകാർ പിടികൂടിയത്.
ഇന്നലെ മുനന്പം വേളാങ്കണ്ണിക്കടപ്പുറത്തായിരുന്നു സംഭവം. ശ്രീലങ്കയിലെ അഭയാർഥികൾ മുനന്പം വഴി ഓസ്ട്രേലിയക്ക് പോകാൻ മുനന്പത്തും ചെറായി ബീച്ചിലും തന്പടിച്ചുവെന്ന വാർത്തയെ തുടർന്ന് ബീച്ചുകളിലും ഹാർബറുകളിലും പോലീസും നാട്ടുകാരും ജാഗരൂഗരാണ്.
ഇതിനിടയിലാണ് ഒരു യുവാവ് ഒറ്റക്ക് കടലിൽ നിന്നും നീന്തിക്കയറി വരുന്നതായി നാട്ടുകാരിൽ ചിലർ കണ്ടത്. അൽപം മദ്യം അകത്താക്കിയിരുന്ന യുവാവിനെ നാട്ടുകാർ പിടിച്ചു നിർത്തി കാര്യം ചോദിച്ചപ്പോൾ മദ്യലഹരിയിൽ കൊല്ലം ഭാഷയിൽ മലയാളം പറഞ്ഞത് സിംഹളഭാഷയാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ഉടൻ പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.
മുനന്പം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയതപ്പോൾ യുവാവ് തന്റെ പേരും വിലാസവും കൃത്യമായി പറഞ്ഞു. ഇതോടെ പോലീസ് കാവനാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. വീട്ടുകാരുമായി പിണങ്ങിയ 26 വയസുകാരനായ യുവാവ് രണ്ട് ദിവസം മുന്പ് നാടുവിട്ടതാണെന്ന് കാവനാട് പോലീസ് പറഞ്ഞ തോടെ ഇയാളെ വിട്ടയച്ചു.
വീട്ടുകാരുമായി പിണങ്ങിയ യുവാവ് മുനന്പത്ത് മത്സ്യബന്ധനത്തിനായി വന്നിട്ടുള്ള സുഹൃത്തുക്കളെ തേടിയാണ് എത്തിയത്.