ചെറായി: മുനന്പം സർക്കാർ ആശുപത്രിയിൽ നിലനിന്നിരുന്ന കിടത്തി ചികിത്സ, രാത്രികാല ചികിത്സ പ്രസവ ചികിത്സ, ലബോറട്ടറി, പോസ്റ്റ്മോർട്ടം എന്നീ സൗകര്യങ്ങളും ആംബുലൻസ് സേവനവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി വികസന ജനകീയ സമിതി ഫെബ്രുവരി മൂന്നി രാവിലെ 9മുതൽ പിറ്റേന്ന് രാവിലെ 9 വരെ രാപ്പകൽ സമരം നടത്തും.
ഈ ആവശ്യമുന്നയിച്ച് സമിതി ചെയർമാൻ വി. എക്സ് ബനഡിക്ട് ആശുപത്രിക്ക് മുന്നിൽ നടത്തി വരുന്ന കുത്തിരിപ്പ് സമരം 200 ദിവസം പൂർത്തിയാകുന്ന ദിനത്തിലാണ് രാപ്പകൽ സമരം സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനൊപ്പം സമരാവശ്യങ്ങൾ അടങ്ങിയ ഭീമഹർജ്ജി മനുഷ്യാവകാശ കമ്മീഷന് സമർപ്പിക്കുന്നതിനായി ഒപ്പുശേഖരണവും നടക്കും.
നൂറുകണക്കിന് രോഗികൾ ആശുപത്രിയിൽ ദിനംപ്രതി ചികിത്സതേടി വരുന്ന മുനന്പത്ത് ഫലപ്രദമായ ചികിത്സയും മരുന്നും ലഭിക്കുന്നില്ലെന്നും മറ്റ് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നുമാണ് സമരക്കാരുടെ ആരോപണം. ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് തിരിഞ്ഞുപോലും നോക്കുന്നില്ലെന്നും സമിതി കുറ്റപ്പെടുത്തുന്നു.