വൈപ്പിന്‍: കേരളതീരത്ത് നിന്നും വീണ്ടും മനുഷ്യക്കടത്തിനു സാധ്യത. ഇന്റലിജൻസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുനമ്പം, ഞാറയ്ക്കല്‍ പോലീസ് അതീവ ജാഗ്രതയില്‍.
നാല്‍പ്പത്തിയഞ്ചംഗ ശ്രീലങ്കന്‍ സംഘം കേരള തീരത്ത് നിന്നും ഒാസ്ട്രേലിയയിലേക്ക് കടക്കാനായി കേരളത്തില്‍ എത്തിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.
മുന്‍ എല്ടിടിഇക്കാരനായ ശ്രീലങ്കയിലെ മുല്ലത്തീവ് സ്വദേശി റോഡ്നി എന്നയാളുടെ നേതൃത്വത്തിലാണ് സംഘം കേരളത്തില്‍ എത്തിയിട്ടുള്ളതെന്നാണ് സൂചന.
സംഘത്തിലെ ഭൂരിഭാഗം പേരും എല്‍ടിടിഇ അനുഭാവികളാണത്രേ. കൂടാതെ കേരളത്തില്‍ നിന്നു തന്നെ ന്യുസീലാൻഡ്, കാനഡ എന്നിവിടങ്ങിലേക്ക് കടക്കാനും പുലിബന്ധമുള്ള മനുഷ്യക്കടത്ത് സംഘം സംസ്ഥാനത്ത് ആളുകളെ എത്തിച്ചിട്ടുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
ഇതേതുടര്‍ന്ന് മുനമ്പം ഡിവൈഎസ്പി ആര്. ബൈജുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ റിസോര്‍ട്ടുകളിലും, ഹോം സ്റ്റേകളിലും പരിശോധന നടത്തുകയും ശ്രീലങ്കക്കാരോ ശ്രീലങ്കന്‍ തമിഴ് വംശജരെ, തമിഴന്മാരോ തനിച്ചോ കൂട്ടായോ താമസിക്കാനോ ഭക്ഷണം കഴിക്കോനോ എത്തുകയാണെങ്കില്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്ന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കൂടാതെ മുനമ്പം, മുരുക്കുംപാടം മത്സ്യബന്ധന മേഖലയിലെ മറൈന്‍ പമ്പുകളില്‍ പരിചയമില്ലാത്ത ബോട്ടുകള്‍ ഇന്ധനം നിറക്കാന്‍ എത്തിയാലും, ഹാര്‍ബറുകളിലും മറ്റും പരിചയമില്ലാത്തവരെ കണ്ടെത്തിയാലും, സംശയകരമായ ബോട്ടുകള്‍ കടലില്‍ കണ്ടെത്തിയാലും വിവരമറിയിക്കണെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതീവ ജാഗ്രതയോടെ നിരീക്ഷണം നടത്താന്‍ കടലോര ജാഗ്രതാ സമിതിക്കും പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.