ആലുവ: മുനന്പം മനുഷ്യക്കടത്തിന്റെ അന്വേഷണം ഒാസ്ട്രേലിയയടക്കമുള്ള രാഷ്ട്രങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നു. സംഭവം വിവാദമായതിനേത്തുടർന്ന് ഒാസ്ട്രേലിയൻ ഫെഡറൽ പോലീസ് കേരളത്തിലെത്തുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായിട്ടാണ് സൂചന. ഒാസ്ട്രേലിയൻ പോലീസിന്റെ ഡിറ്റക്ടീവ് വിഭാഗത്തിലെ മൂന്ന് ഉദ്യോഗസ്ഥരും ഇതിനായി ഉടൻ കൊച്ചിയിലെത്തും.
അതേസമയം, സംസ്ഥാന പോലീസ് കോസ്റ്റ് ഗാർഡ്, നാവികസേന, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി എന്നിവരുടെ സഹായത്തോടെ നടത്തിവരുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യൻ നേവിയുടെ നിരീക്ഷണ കപ്പലുകളും പുറംകടലിൽ തിരച്ചിൽ തുടരുന്നുണ്ട്. കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ, എറണാകുളം റൂറൽ എസ്പി രാഹുൽ ആർ.നായർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്.
മുനന്പം ഫിഷിംഗ് ഹാർബർ വഴി ഒാസ്ട്രേലിയയിലേക്ക് ബോട്ടുമാർഗം കടന്നുവെന്ന് സംശയിക്കുന്നവർ താമസിച്ചിരുന്ന ഡൽഹി അംബേദ്കർ കോളനിയടക്കം റൂറൽ എസ്പി സുദർശനന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുകയാണ്.
എന്നാൽ ഇത് സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് സൗത്ത് ഡൽഹി പോലീസ്. തമിഴ്നാട് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനായി തമിഴ്നാട് പോലീസിലെ ക്യൂ ബ്രാഞ്ചും സജീവമായി കേരള പോലീസിന്റെ സഹായത്തിനുണ്ട്. സിംഹള വംശജരാണ് കടൽമാർഗം കടന്നതെന്ന വാർത്തയേത്തുടർന്ന് ശ്രീലങ്കൻ പോലീസും നാവികസേനയും കടലിൽ വ്യാപക നിരീക്ഷണം നടത്തി വരികയാണ്.
അതേസമയം, നാൽപതോളം പേരെ മുനന്പത്ത് നിന്നും ഒാസ്ട്രേലിയയിലേക്ക് കടത്തിയെന്ന സംഭവത്തിലെ അവ്യക്തത മാറ്റാൻ പോലീസിനായിട്ടില്ല. ഇവർ കടന്നതായി സംശയിക്കുന്ന ബോട്ടിന്റെ കച്ചവടവുമായി ബന്ധപ്പെട്ട ചിലരെ കസ്റ്റഡിൽ ചോദ്യം ചെയ്തെങ്കിലും ദുരൂഹതയുടെ ചുരുളഴിക്കാൻ കഴിയാത്ത സാഹചര്യമാണ്. സംഘം താമസിച്ചിരുന്ന ചെറായി, ചോറ്റാനിക്കര എന്നിവിടങ്ങളിലെ റിസോർട്ടുകളും ഹോട്ടലുകളും പോലീസ് പരിശോധിച്ചിരുന്നു.
വ്യക്തമായ തിരിച്ചരിയൽ രേഖകൾ സൂക്ഷിക്കാതിരുന്നതിനേത്തുടർന്ന ഇതിൽ ചിലത് അടച്ചു പൂട്ടുകയും ചെയ്തിട്ടുണ്ട്. സംഭവങ്ങളിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന ബോട്ട് ഉടമകളിലൊരാളായ തമിഴ്നാട് സ്വദേശി ശ്രീകാന്ത് കുടുംബസമേതം ഒളിവിലാണ്. ഇയാളും സംഘത്തോടൊപ്പം കടന്നതായും അഭ്യൂഹമുണ്ട്. ശ്രീകാന്തിന്റെ സഹായി അനിൽകുമാറിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും സംഭവത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
രാജ്യത്തെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെത്തുടർന്ന് കേരളമടക്കം തീര – കടൽ സുരക്ഷയ്ക്ക് പോലീസ് സംവിധാനം ശക്തമാക്കാൻ കർശന നിർദേശം നൽകിയിരുന്നതാണ്. ഇതിനായി പ്രത്യേക തീരദേശ പോലീസിനെയടക്കം ചുമതലയേൽപ്പിച്ചെങ്കിലും കാര്യക്ഷമമായിരുന്നില്ലെന്ന് വേണം മുനന്പം മനുഷ്യക്കടത്തിലൂടെ തെളിയിക്കുന്നത്.
2008-ൽ എൽ.ടി.ടി.ഇയ്ക്കു വേണ്ടി ബോട്ട് നിർമിച്ചു നൽകിയതുമായി ബന്ധപ്പെട്ടും മുനന്പത്ത് മുന്പും കേസുണ്ടായിരുന്നു. എന്നാൽ, ഇക്കുറി രാജ്യാന്തര ശ്രദ്ധ നേടിയതിനാൽ പോലീസും സർക്കാരും ഗൗരവമായി തന്നെയാണ് അന്വേഷണം നടത്തുന്നത്. ദിവസങ്ങൾക്കകം തന്നെ സംഭവത്തിലെ ദുരൂഹതകളകറ്റാൻ കഴിയുമെന്ന സൂചനകളാണ് അന്വേഷണസംഘം നൽകുന്നത്.