വൈപ്പിൻ: മുനന്പത്ത് മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ വലയിൽ കുടുങ്ങിയ നിലയിൽ ലഭിച്ച യുദ്ധവിമാനത്തിന്റെ അവശിഷ്ടം കൊച്ചി നേവൽ എയർക്രാഫ്റ്റ് യാർഡിലേക്ക് മാറ്റും. വിശദമായ പരിശോധനക്ക് വേണ്ടിയാണിത്. എൻജിന്റെ ഭാഗമെന്ന് തോന്നിക്കുന്ന അവശിഷ്ടം ഇന്നലെ നേവിയും കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും എത്തി സംയുക്ത പരിശോധന നടത്തിയിരുന്നു. കൊച്ചിയിലെ ദക്ഷിണമേഖല നേവൽ ആസ്ഥാനത്തെ എയർ ക്രാഫ്റ്റ് യാർഡിലെ സാങ്കേതിക വിദഗ്ദരും ഉണ്ടായിരുന്നു.
പ്രാഥമിക പരിശോധനയിൽ അവശിഷ്ടം നേവൽ എയർക്രാഫ്റ്റിന്റേതാണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ മറ്റു വിശദാംശങ്ങൾ അറിയണമെങ്കിൽ വിശദമായ പരിശോധന നടത്തണം. ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയുടെ റിപ്പോർട്ട് സംഘം ഉയർന്ന ഉദ്യോഗസ്ഥൻമാർക്ക് നൽകും. ഇതിനുശേഷം ഇവരുടെ അനുമതിയോടെ ആകും യന്ത്രഭാഗം യാർഡിലേക്ക് മാറ്റുക. അതുവരെ യന്ത്രഭാഗം കോസ്റ്റൽ പോലീസിന്റെ കസ്റ്റഡിയിൽ മുനന്പത്ത് സൂക്ഷിക്കും.
കഴിഞ്ഞ ദിവസം മുനന്പത്തുനിന്നും മത്സ്യബന്ധനത്തിനുപോയ സീലൈൻ എന്ന ബോട്ടിനു മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ നിലയിലാണ് യന്ത്രഭാഗം ലഭിച്ചത്. തുടർന്ന് മുനന്പം ഹാർബറിൽ എത്തിച്ച് വിവരം മുനന്പം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് കോസ്റ്റൽ പോലീസിനു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ സംയുക്ത പരിശോധന നടത്തിയത്.