കൊച്ചി: മുനമ്പം ജുഡീഷല് കമ്മീഷന് തല്ക്കാലത്തേക്ക് പ്രവര്ത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷല് കമ്മീഷനെ പ്രവര്ത്തനം നിര്ത്തിവച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. വഖഫ് ഭൂമി വിഷയത്തില് ജുഡീഷ്യല് കമീഷന്റെ പ്രവര്ത്തനം തുടരാന് അനുവദിക്കണമെന്ന സര്ക്കാരിന്റെ ഇടക്കാല ആവശ്യത്തിന്മേലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിധിന് ജാംദാര്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചണ് ഇടക്കാല ഉത്തരവ് ഇറക്കിയത്.
സിംഗിള് ബെഞ്ച് ഉത്തരവിനെതിരേ സര്ക്കാര് നല്കിയ അപ്പീല് വേനലധിക്കുശേഷം ജൂണില് പരിഗണിക്കും. ഹര്ജിയില് തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നും കമ്മീഷന് നല്കുന്ന ശിപാര്ശകള് സര്ക്കാരിന് ഇപ്പോള് നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശിപാര്ശകള് നടപ്പാക്കേണ്ടതെന്നും കോടതി നിര്ദേശിച്ചു.
ജുഡീഷല് കമീഷന് കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തില് പ്രവര്ത്തനം തുടരാന് അനുവദിക്കണമെന്നായിരുന്നു സര്ക്കാരിന്റെ ആവശ്യം. വഖഫ് സംരക്ഷണ വേദി സമര്പ്പിച്ച ഹര്ജിയില് ജുഡീഷല് കമീഷന് നിയമനം റദ്ദാക്കി സിംഗിള്ബെഞ്ച് പുറപ്പെടുവിച്ച ഉത്തവ് ചോദ്യം ചെയ്തായിരുന്നു സര്ക്കാരിന്റെ ഹര്ജി. ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അര്ഹരായവരോ അല്ല ഹര്ജിക്കാരെന്നതിനാല് ഹര്ജി തന്നെ നിലനില്ക്കാത്തതാണെന്നാണ് സര്ക്കാര് വാദം .
കോടതിയുടെ ഉത്തരവില്ലാതെ കമീഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിക്കുകയോ തുടര് നടപടി സ്വീകരിക്കുയോ ചെയ്യില്ലെന്നും സര്ക്കാര് നേരത്തെ വ്യക്തമാക്കിയിരുന്നു.വഖഫ് സ്വത്തുമായി ബന്ധപ്പെട്ട തര്ക്കമുണ്ടായാല് വഖഫ് ബോര്ഡാണ് തീരുമാനിക്കേണ്ടതെന്ന് ഹര്ജിക്കാരായ വഖഫ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുകയുണ്ടായി.
നിലവില് വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുകയാണ്. കോടതി ഉത്തരവുകളടക്കം വസ്തുതകള് പരിശോധിച്ച് അന്വേഷണ കമീഷനെ നിയമിച്ച സര്ക്കാര് തീരുമാനം നിലനില്ക്കുന്നതല്ലെന്ന് വിലയിരുത്തി സിംഗിള്ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് വസ്തുതാപരമാണ്.
അന്വേഷണ കമീഷനായ റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എന്. രാമചന്ദ്രന് നായരുടെ പ്രവര്ത്തനം സ്വമേധയാ നിര്ത്തി വച്ചതാണ്. കോടതിയോ സര്ക്കാറോ പ്രവര്ത്തനം നിര്ത്താന് ഉത്തരവിട്ടിരുന്നില്ല. ചില വ്യക്തികളും വഖഫും തമ്മിലുള്ള കേസായതിനാല് പൊതുതാല്പര്യമില്ലെന്നും വഖഫ് സംരക്ഷണ വേദി കോടതിയെ അറിയിച്ചിരുന്നു.