ചെറായി: മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്ത് റാക്കറ്റിനു മുനന്പം സ്വദേശിയിൽ നിന്നും ദയാമാതാ എന്ന ബോട്ട് വാങ്ങാൻ ഇടനിലക്കാരായി വർത്തിച്ചത് മൊത്തം ആറ് ബ്രോക്കർ മാരെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇവരിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് മുനന്പം പോലീസ് ചോദ്യം ചെയ്തിരുന്നു.
മനുഷ്യക്കടത്തിനാണ് ബോട്ടെന്ന് തങ്ങൾക്ക് അറിയാമായിരുന്നില്ലെന്നും ബോട്ടിനായി ഒരു തമിഴ്നാട് സ്വദേശിയാണ് തങ്ങളെ സമീപിച്ചതെന്നുമാണ് ബ്രോക്കർമാർ പോലീസിനെ അറിയിച്ചത്. ബ്രോക്കർ ഷെയർ വകയിൽ 55000 രൂപവീതം ഇവർക്ക് ലഭിച്ചുവെന്നും ഇവർ പോലീസിനു മൊഴി നൽകിയതായി അറിയുന്നു.
മുഖ്യപ്രതി ശ്രീകാന്തനെ ഇവർ കണ്ടിട്ടില്ലെന്നാണ് പറയുന്നത്. എന്നാൽ, ഇയാളുടെ ഫോണിലേക്ക് വിളിച്ചിട്ടുള്ള രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. പക്ഷേ, ഇത് ബോട്ട് കൊടുക്കൽ വാങ്ങലിന്റെ ഭാഗമായി തങ്ങളെ സമീപിച്ച തമിഴ്നാട്ടുകാരൻ നൽകിയ നന്പറിൽ വിളിച്ച് യഥാർഥത്തിൽ വാങ്ങുന്ന ഉടമയുമായി വിലയുറപ്പിക്കുന്നതിനായുള്ള വിളികൾ മാത്രമായിരുന്നുവെന്നും ആളെ തങ്ങൾക്ക് അറിയില്ലെന്നും ബ്രോക്കർ ആവർത്തിച്ചു പറഞ്ഞതായി സൂചനയുണ്ട്.