ആലുവ: മുനന്പം ഫിഷിംഗ് ഹാർബറിൽനിന്നും “ദയമാത’ ബോട്ടിൽ കടൽ കടന്നവരുടെ പട്ടിക തയാറാക്കി പോലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ഡൽഹിയിലടക്കം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ചാണ് മനുഷ്യക്കടത്തിനിരയായവരുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതിലധികം പേരും ന്യൂഡൽഹി അംബേദ്കർ കോളനിയിൽനിന്നും ഓസ്ട്രേലിയക്ക് പോയതായി സമീപവാസികൾ പറഞ്ഞ തമിഴ് വംശജരാണ്.
കേരള പോലീസ് അംബേദ്കർ കോളനി കേന്ദ്രീകരിച്ച് നിരീക്ഷണം തുടരുന്നതിനാൽ കടൽ കടന്നവരുടെ ബന്ധുക്കളും സഹായികളും രംഗത്തു വരാതെ ഒഴിഞ്ഞു കഴിയുകയാണ്.എറണാകുളം റൂറൽ പോലീസിലെ പ്രത്യേക സംഘമാണ് ഡൽഹിയിൽ അന്വേഷണം നടത്തി വരുന്നത്. ഡൽഹി പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആദ്യം കസ്റ്റഡിയലെടുത്തത് മുനന്പത്ത് നിന്നും ബോട്ടിൽ കയറാത മടങ്ങിയ പ്രഭു ദണ്ഡപാണിയെയാണ്.
ഇയാളെ വടക്കേക്കര സിഐയുടെ നേതൃത്വത്തിൽ കൊച്ചിയിലെത്തിച്ച് ഉന്നത ഉദ്യോഗസ്ഥരടക്കം ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിനിടയിൽ ഇയാളിൽനിന്നും ലഭിച്ച വിവരത്തേത്തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മനുഷ്യക്കടത്തിന്റെ ഏജന്റുമാരിൽ ഒരാളെന്ന് സംശയിക്കുന്ന രാജ സനൂപ് രവിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ കൊച്ചിൽ ചോദ്യം ചെയ്തുവരികയാണ്.
ഇവർ ഇരുവരിൽനിന്നും ലഭിച്ച വിവരങ്ങൾ പ്രകാരമാണ് ബോട്ടിലെ യാത്രക്കാരുടെ പട്ടിക പ്രാഥമികമായി തയാറാക്കിയിരിക്കുന്നത്.കസ്റ്റഡിയിലെടുത്ത തമിഴ് വംശജരുടെ മൊഴി പ്രകാരം ഇവരുടെ അടുത്ത ബന്ധുക്കൾ മുനന്പം വഴി കടന്നുവെന്നാണ്. എന്നാൽ, ഇത് പൂർണമായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ രവിയെ ചോദ്യം ചെയ്തതിൽനിന്നും ഇയാൾ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ നിരന്തരം സഞ്ചരിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. കേസിലെ സൂത്രധാരനായ തമിഴ്നാട് സ്വദേശിയും ബോട്ടുടമയുമായ ശ്രീകാന്തിനായുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.