ഹരുണി സുരേഷ്
എൽടിടിഇയുടെ പതനത്തിനുശേഷം ശ്രീലങ്കൻ അഭയാർഥികളെ അനധികൃതമായി ഒാസ്ട്രേലിയയിലേക്ക് കടത്തുന്ന കേന്ദ്രമായി മുനന്പം മത്സ്യബന്ധന തുറമുഖം മാറുകയാണ്. തമിഴ് നാട്ടിലെ കന്യാകുമാരി , രാമേശ്വരം, കുളച്ചൽ മേഖലകൾ കഴിഞ്ഞാൽ ഏറ്റവും പ്രധാന കേന്ദ്രം മുനന്പം ആണെന്നാണ് പോലീസ് ഇന്റലിജൻസ് മേധാവികളുടെ വെളിപ്പെടുത്തൽ.
സുരക്ഷയുടെ പേരിലുള്ള നിരീക്ഷണങ്ങളോ മറ്റ് നൂലാമാലകളോ ഒന്നും തന്നെ ഇല്ലാത്ത ഒരു തുറമുഖം എന്നതാണ് മനുഷ്യക്കടത്ത് സംഘം മുനന്പത്തെ തെരഞ്ഞെടുക്കാൻ കാരണം. സകലരുടേയും കണ്ണ് വെട്ടിച്ച് എന്ത് കടത്തും ഇവിടെ നിർബാധം നടത്താം. ഇക്കാരണത്താൽ തന്നെ വൈപ്പിനിലെ മുനന്പം മുരുക്കുംപാടം മത്സ്യബന്ധന മേഖല എപ്പോഴും ഇന്റലിജൻസ് ഉദ്യോഗസ്ഥൻമാരുടെ നിരീക്ഷണത്തിലാണ്.
തമിഴ്പുലികൾക്കായി ബോട്ട്
മുനന്പം ഇന്റലിജൻസിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത് 2008ലാണ്. മുനന്പത്തെ ഒരു സ്വകാര്യ ബോട്ട് യാർഡിൽ തമിഴ്പുലികൾക്കായി ബോട്ട് നിർമിക്കുന്നുവെന്ന രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബെന്നി എന്ന മേസ്തിരിയെ തേടി തമിഴ്നാട് ക്യൂ ബ്രാഞ്ച് എത്തിയതോടെയാണ് മുനന്പം ശ്രദ്ധാകേന്ദ്രമാകുന്നത്. ഇയാളെ ചോദ്യം ചെയ്യുകയും ബോട്ട് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തമിഴ് പുലികൾക്കു വേണ്ടി ബേപ്പൂർ സ്വദേശിയാണ് ബോട്ട് നിർമിക്കാൻ ഏൽപ്പിച്ചിരുന്നത്. യാർഡിന്റെ ഉടമയ്ക്കും മേസ്തിരിക്കും പുലികളുമായി നേരിട്ടു ബന്ധമില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബോട്ട് അന്നത്തെ ഫിഷറീസ് ജോയിന്റ് ഡയറക്ടറായിരുന്ന സൈറഭാനുവിനെ ഏല്പിച്ച് ക്യൂ ബ്രാഞ്ച് മടങ്ങി.
പിന്നീട് ഈ ബോട്ട് അന്വേഷിച്ച് നിർമ്മിക്കാൻ കരാർ തന്നവരോ ക്യൂബ്രാഞ്ചോ ലോക്കൽ പോലീസോ ഫിഷറീസ് വകുപ്പോ ആരും തന്നെ ഏത്തിയിട്ടില്ല. പാതിനിർമ്മാണത്തിലുള്ള ഇരുന്പ് നിർമിത മത്സ്യബന്ധനബോട്ട് ഇന്നും മുനന്പത്തെ സ്വകാര്യ ബോട്ട് യാർഡിൽ ആർക്കും വേണ്ടാതെ ഒരു തമിഴ്പുലി സ്മാരകമായി കിടക്കുകയാണ്.
അടുത്തിടെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വൻ റാക്കറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് മുനന്പം വീണ്ടും ശ്രദ്ധാ കേന്ദ്രമായിരിക്കുന്നത്. ശ്രീലങ്കയിൽ നിന്നും ഡൽഹിയിലെത്തി അവിടെ നിന്നും ചെന്നൈവഴി കൊച്ചിയിലെത്തിയ 65നു മേൽ അംഗസംഖ്യയുള്ള അഭയാർഥിസംഘം ചോറ്റാനിക്കരയിലും ചെറായി ബീച്ചിലുമായി തങ്ങി 12 നു പുലർച്ചെ മാല്യങ്കര ജെട്ടിയിൽ നിന്നും ദയാമാതാ എന്നമത്സ്യബന്ധന ബോട്ടിൽ കയറി ഒാസ്ട്രേലിയയ്ക്ക് തിരിച്ചുവെന്നാണ് രഹസ്യവിവരം.
മുനന്പം സ്വദേശിയിൽ നിന്നും ഒരു കോടിയോളം രൂപയ്ക്ക് രണ്ടു പേർ ചേർന്ന് വാങ്ങിയ ബോട്ടിലാണ് സംഘം പുറപ്പെട്ടിരിക്കുന്നത്. ബോട്ടുടമകളിലൊരാളായ തിരുവനന്തപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റൊരാളായ കുളച്ചൽ സ്വദേശിയും കുടുംബവും പോലീസ് അന്വേഷണമാരംഭിച്ചതോടെ മുങ്ങിയതായാണ് അറിവ്. കടത്തിനു പിന്നിൽ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റാണെന്നാണ് ഇതു വരെയുള്ള സൂചന.
മാല്യങ്കരയിലും, കൊടുങ്ങല്ലൂരും, ചെറായി ബീച്ചിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 72 ഓളം യാത്രാബാഗുകളാണ് മനുഷ്യക്കടത്ത് സംഘത്തെക്കുറിച്ചുളള വിവരം പുറത്തറിയാനിടയായത്. അതേ സമയം ഒാസ്ട്രേലിയയ്ക്ക് കടക്കാനെത്തിയ സംഘത്തിലെ മുഴുവൻപേർക്കും ബോട്ടിൽ കയറിപ്പോകാൻ ആയിട്ടില്ലെന്നാണ് പോലീസ് നിഗമനം.
പോകാൻ പറ്റാത്തവർ ഉപേക്ഷിച്ച ബാഗുകളാണ് അനാഥമായി കണ്ടെത്തിയതെന്നും പോലീസ് കരുതുന്നു.അന്വേഷണം പുരോഗമിക്കുകയാണ്. ഒാസ്ട്രേലിയയിൽ ചെന്ന്പെട്ടാൽ ലക്ഷങ്ങൾ ശന്പളമുളള ജോലി ലഭിക്കുമെന്ന സുന്ദര മോഹന വാഗ്ദാനം നൽകിയാണ് അഭയാർഥിക്യന്പുകളിൽ നിന്നും സംഘം ആളുകളെ കാൻവാസ് ചെയ്യുന്നത്.
നാടുവിടാനെത്തുന്ന ശ്രീലങ്കൻ അഭയാർഥികൾ
ശ്രീലങ്കയിലെ തമിഴ് മേഖലയിൽ താഴേത്തട്ടിലുള്ള തമിഴ് വംശജരും തമിഴ് നാട്ടിലെ ശ്രീലങ്കൻ ക്യാന്പുകളിൽ കഴിയുന്ന അഭയാർഥികളുമാണ് പലപ്പോഴും മനുഷ്യക്കടത്ത് റാക്കറ്റിന്റെ വലയിൽ വീഴുന്നവർ . ഒാസ്ട്രേലിയയിൽ ജനസംഖ്യ കുറവാണെന്നും അവിടെ സാധാരണ പണികൾ ചെയ്യാൻ ആളില്ലെന്നും ഈ സാഹചര്യത്തിൽ അവിടെ എത്തിപ്പെട്ടാൽ കന്നുകാലി മേയ്ക്കൽ, തോട്ടിപ്പണി എന്നിവ ഉറപ്പായും ലഭിക്കുമെന്നൊക്കെ പറഞ്ഞാണ് അഭയാർഥികളെ കാൻവാസ് ചെയ്യുക.
ഇന്ത്യൻ, ശ്രീലങ്കൻ കറൻസികളുമായി താരതമ്യപ്പെടുത്തുന്പോൾ മൂന്ന് ലക്ഷം മുതൽ ആറുലക്ഷം രൂപ വരെ മാസശന്പളം ലഭിക്കുമെന്നും ഇവർ അഭയാർഥികളെ ധരിപ്പിക്കും. ഇതിനിടെ ഒാസ്ട്രേലിയൻ പോലീസ് പിടികൂടി ജയിലിലടച്ചാലും നാട്ടിലേക്ക് കയറ്റി വിടില്ലെന്നും അവിടത്തെ പൗരത്വം നൽകി അവിടെത്തന്നെ താമസിക്കാൻ സൗകര്യമൊരുക്കുമെന്നും കൂടി പറഞ്ഞാണ് റാക്കറ്റ് ഇരകളെ വലയിൽ വീഴ്ത്തുക.
ക്യാന്പിലെ ദുരിതവും ശ്രീലങ്കയിലെ തമിഴ് മേഖലകളിൽ ശ്രീലങ്കക്കാരിൽ നിന്നുള്ള അവഗണനയും സഹിച്ച് കഴിയുന്ന അഭയാർഥികൾ അവിടെ നിന്നും രക്ഷപ്പെടാനായി മനുഷ്യക്കടത്ത് സംഘത്തിന്റെ സുന്ദര മോഹന വാഗ്ദാനങ്ങൾ വിശ്വസിക്കും. തുടർന്ന് ഉള്ളതെല്ലാം വിറ്റുപെറുക്കി ലക്ഷങ്ങൾ നൽകിയാണ് അഭയാർഥികൾ നാടുവിടാനായി മുനന്പത്തെത്തുന്നത്.
സംശയം ജനിക്കാതിരിക്കാനാണ് മനുഷ്യക്കടത്തുകാർ യാത്രയ്ക്കായി മത്സ്യബന്ധനബോട്ടുകൾ ഉപയോഗിക്കുന്നത്. യാത്രാ രേഖകളൊന്നുമില്ലാതെ മുനന്പത്തെത്തുംവരെയുള്ള ഇവരുടെ യാത്ര സുഗമമായിരിക്കും. ഇതിനുശേഷം മുന്നോട്ടുള്ള യാത്രയിലാണ് പലപ്പോഴും ഇവർ പിടിക്കപ്പെടാറുള്ളത്. അതേ സമയം, പോലീസിന്റെയും ഇന്റലിജൻസിന്റെയും നാവികസേനകളുടെയും കണ്ണ് വെട്ടിച്ച് കടന്നു പോയവരും ഉണ്ട്. ഇവർക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന കാര്യം പുറംലോകത്തിനറിവില്ല.
കണ്ണുവെട്ടിച്ച് കാലഹരണപ്പെട്ട ബോട്ടുകളിൽ
ഒാസ്ട്രേലിയൻ സ്വപ്നങ്ങളുമായി നാടുവിടാൻ എത്തുന്നവരെ മനുഷ്യക്കടത്ത് റാക്കറ്റുകൾ പലപ്പോഴും ചതിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. സുരക്ഷാ സേനകളുടെ കണ്ണു വെട്ടിച്ച് കാലഹരണപ്പെട്ട ബോട്ടുകളിൽ ഇത്രയും ദൂരം താണ്ടി ഒാസ്ട്രേലിയയിൽ എത്തുക അസാധ്യമാണത്രേ. മാത്രമല്ല, പല ബോട്ടുകളും ഇടയ്ക്കു വച്ച് മുങ്ങിപ്പോകുകയും ചെയ്യാറുണ്ട്.
ഇതും പുറം ലോകം അറിയാറില്ല. ഒാസ്ട്രേലിയയിലേക്ക് കടക്കാൻ ഒരാളിൽ നിന്നും ആദ്യകാലങ്ങളിൽ ഒരു ലക്ഷം രൂപയാണ് സംഘം ഈടാക്കയിരുന്നതത്രേ. എന്നാൽ, ഇപ്പോഴാകട്ടെ ഇത് രണ്ടര ലക്ഷം വരെയായി ഉയർന്നിട്ടുണ്ടെന്നാണ് അറിവ്. ഇത്രയും തുക മുടക്കി പലപ്പോഴും ഒരു കുടുംബത്തിലെ ഗർഭിണികളായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ളവർ നാടുകടക്കാനെത്തുന്നവരുടെ കൂട്ടത്തിലുണ്ടാകും.
ഏറ്റവും പഴയതും വില കുറഞ്ഞതുമായ മത്സ്യബന്ധന ബോട്ടാണ് സാധാരണ ഇവർ വാങ്ങുന്നത്. എന്നാൽ, ഇപ്പോൾ പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന സംഘം ഒരു കോടിയിൽപരം രൂപ മുടക്കി വന്പൻ ഉരുക്ക് നിർമ്മിത ബോട്ടാണ് വാങ്ങിച്ചിരിക്കുന്നത്. ദയാമാതാ എന്നു പേരുള്ള ഈ ബോട്ട് മനുഷ്യക്കടത്ത് ഏജന്റ് എന്ന് സംശയിക്കുന്ന തമിഴ്നാട് തക്കല സ്വദേശി ശ്രീകാന്തനും കോവളം സ്വദേശി അനിൽകുമാറും ചേർന്ന് മുനന്പം സ്വദേശി ജിബിനിൽ നിന്നും ഈ മാസം ആദ്യമാണത്രേ വാങ്ങിയത്.
മോഹന വാഗ്ദാനങ്ങളുമായി ഏജന്റുമാർ
കുളച്ചൽ, ചെന്നൈ, കന്യാകുമാരി , മംഗലാപുരം മേഖലയിൽ മത്സ്യബന്ധന മേഖലയുമായി ബന്ധമുള്ളവരാണ് പലപ്പോഴും മനുഷ്യക്കടത്ത് റാക്കറ്റുകളിലെ പ്രധാന റോളുകളിൽ അഭിനയിക്കുന്നവർ. ഇവരുടെ പ്രവർത്തനം ഒരു നെറ്റ് വർക്ക് പോലെയാണ്. എന്നാൽ, ഇക്കുറി മുനന്പത്തെത്തിയ സംഘത്തിനു ഡൽഹി ബന്ധവുമുണ്ടെന്നാണ് സൂചന. ഇതിന്റെ ചുരുൾ അഴിയാൻ ഇപ്പോൾ നടക്കുന്ന അന്വേഷണം പൂർത്തിയാകണം.
നാടുകടക്കാൻ താത്പര്യമുള്ളവരെ കാൻവാസു ചെയ്യാൻ ഏജന്റ്മാരുണ്ടാകും. പലപ്പോഴും ഒാസ്ട്രേലിയൻ സ്വപ്നങ്ങളുമായി നടക്കുന്ന അഭയാർഥികളിൽ പെട്ടവർ തന്നെയായിരിക്കും മനുഷ്യക്കടത്ത് സംഘത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കുക. ഇവരും നാടുകടക്കുന്നവരുടെ കൂട്ടത്തിൽ ഉണ്ടാകും. യാത്ര പുറപ്പെടാനുള്ള യാനം തയാറായിക്കിടക്കുന്ന തുറമുഖംവരെ അഭയാർഥി സംഘത്തെ എത്തിക്കേണ്ട ചുമതല ഈ ഏജന്റ്മാർക്കാണ്.
ഇതു കൂടാതെ കമ്മീഷൻ ഏജന്റുമാരെയും സംഘം കാൻവാസിംഗ് ദൗത്യം ഏൽപ്പിക്കാറുണ്ട്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് മുനന്പം ശ്രദ്ധാകേന്ദ്രമാകുന്നത് 2011ലാണ് . സീ ക്യൂൻ എന്ന മത്സ്യബന്ധന ബോട്ടാണ് ആദ്യമായി പോലീസ് മനുഷ്യക്കടത്തിന്റെ പേരിൽ പിടകൂടിയത്.
ഇതേക്കുറിച്ച് നാളെ ….