വൈപ്പിൻ: കോവിഡ് വ്യാപനത്തിന്റെ പേരിൽ അടച്ചുപൂട്ടിയ മുനന്പം മത്സ്യബന്ധനമേഖലയിൽ നിന്നും ബോട്ടുകൾക്ക് 15മുതൽ കടലിൽ പോകാൻ അനുമതി. കാലാവസ്ഥ മുന്നറിയിപ്പുകൾ ഇല്ലെങ്കിൽ മാത്രമാണ് അനുമതി.
ഇത് പ്രകാരം ഒറ്റ ഇരട്ട നന്പറുകൾ അനുസരിച്ച് 14 മുതൽ പാസ് വിതരണം ആരംഭിക്കും. അടച്ചിട്ടിരിക്കുന്ന ഹാർബർ 19 മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനമായി.
ഹാർബർമാനേജ്മെന്റ് ഗവേണിംഗ് ബോഡി ഓണ്‍ലൈൻ യോഗം ചേർന്ന് ഇന്നലെ എടുത്ത തീരുമാനം ജില്ലാകളക്ടർ അംഗീകരിച്ചതോടെയാണ് അനുമതിയായതെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ മാജാ ജോസ് അറിയിച്ചു.
കോവിഡിന്റെ പാശ്ചാത്തലത്തിൽ മുനന്പം മാതൃകാ ഹാർബറിൽ ഒരു സമയം 50 ബോട്ടുകൾ മാത്രം അടുപ്പിച്ച് മത്സ്യവിപണനം നടത്തിയിരുന്നത് പ്രത്യേക സാഹചര്യത്തിൽ ഇനി മുതൽ 30 എണ്ണമാക്കി ചുരുക്കിയിട്ടുണ്ട്.
ബാക്കി കാര്യങ്ങളിൽ ആരോഗ്യ വകുപ്പും പോലീസും നഷ്കർഷിക്കുന്ന തരത്തിൽ കർശന നിയന്ത്രങ്ങളോടെയായിരിക്കണം ഹാർബർ പ്രവർത്തിക്കേണ്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി.
മുനന്പം മത്സ്യബന്ധന ഹാർബറിലെ തരകനു കോവിഡ് പിടിപെട്ടതിനെ തുടർന്ന് ഈ മാസം ഒന്നുമുതൽ മുനന്പം മേഖലയിൽനിന്നും മത്സ്യബന്ധന ബോട്ടുകളെ കടലിലേക്ക് വിട്ടിരുന്നില്ല. തുടർന്ന് നാലുമുതൽ ഹാർബറുകൾ രണ്ടും അടക്കുകയും ചെയ്തു.