ചെറായി: മുനമ്പം പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാരില്ല. പ്രവർത്തനം അവതാളത്തിൽ. മേലുദ്യോഗസ്ഥന്റെ മാനസീക പീഡനവും പ്രവർത്തന വൈകല്യങ്ങളും പൊതുജനങ്ങളോടുള്ള മര്യാദയില്ലാത്ത സമീപനവും മൂലം പൊറുതിമുട്ടിയപല പോലീസുകാരും അവരവരുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് സ്ഥലം മാറ്റം വാങ്ങിയോ, മറ്റു സ്പെഷ്യൽ ഡ്യൂട്ടികളിലേക്കോ മാറി പോയതോടെയാണ് ആളെണ്ണം കുറഞ്ഞതും പ്രവർത്തനം അവതാളത്തിലായതെന്നുമാണ് പോലീസുകാർ പറയുന്നത്. ആകെ 39 പേരുണ്ടായിരുന്ന ഇവിടെ 15 പേരാണ് മേലുദ്യോഗസ്ഥന്റെ പീഡനങ്ങളിൽനിന്ന് തടി തപ്പിയത്.
ഇപ്പോൾ സ്റ്റേഷനിൽ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ, സ്റ്റെനോ എന്നീ തസ്തികളിൽ ആളിലെന്നും പോലീസുകാർ പറയുന്നു. ഉള്ള പോലീസുകാർക്കാകട്ടെ മൂന്നിരട്ടി പണിയും. ഇവർ മറ്റു ഡ്യൂട്ടികൾക്ക് പോയാൽ ചില ദിവസങ്ങളിൽ ഫോൺ അറ്റന്റ് ചെയ്യാൻ വരെ ആളില്ലാത്ത അവസ്ഥയുണ്ട്.
ഇനി മുനമ്പം – ആഴിക്കോട് പാലം നിർമാണത്തിനായി മുനമ്പം ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുന്ന നടപടികൾ ആരംഭിക്കുന്നതോടെ ഗതാഗതം തിരിച്ചു വിടാൻ പോലീസിനെ ആവശ്യപ്പെട്ടിരിക്കയാണ്. ഇതും മുനമ്പം പോലീസിനു തലവേദനയാകും.