വൈപ്പിൻ: മുനന്പം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ തമിഴ് ക്വട്ടേഷൻ സംഘത്തെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ചോദ്യം ചെയ്യൽ തുടങ്ങി. പത്തോളം പേരെടങ്ങിയ അന്വേഷണ സംഘം ഇന്നലെ വൈകുന്നേരം മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചിരിക്കുന്നത്.
ക്വട്ടേഷൻ സംഘം പിടിയിലായപ്പോൾ പോലീസ് ചോദിച്ച പല ചോദ്യങ്ങളും അന്വേഷണ സംഘം ആവർത്തിച്ചുവെങ്കിലും നേരത്തെ പറഞ്ഞ ഉത്തരങ്ങളിൽ നിന്നും വ്യത്യസ്ഥമായ ഉത്തരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിവ്.
അതേ സമയം ക്വട്ടേഷൻ ഏർപ്പാടാക്കിയ ആലുവ സ്വദേശിയുമായി സംഘത്തിനുള്ള ബന്ധത്തെക്കുറിച്ച് പോലീസിനു പല സംശയങ്ങളും ഉണ്ട്. ഇതിന്റെ കുരുക്കഴിക്കാനും അന്വേഷണ സംഘം ശ്രമിച്ചു വരുകയാണ്.
ഏഴു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളതെങ്കിലും അതിനു മുന്നേ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വീണ്ടും സംഘത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് വിടുമെന്നാണ് സൂചന.
സംഘത്തെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നതിനാൽ മുനന്പം പോലീസ് സ്റ്റേഷന് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഘം വധിക്കാനെത്തിയ പെരുന്പാവൂർ സ്വദേശിയായ ഗുണ്ടാ നേതാവിന്റെ അനുയായികൾ പോലീസ് സ്റ്റേഷൻ ആക്രമിച്ച് തമിഴ് സംഘത്തെ വകവരുത്തിയേക്കുമെന്ന ആശങ്കയിലാണ് സ്റ്റേഷനു പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്.
അഞ്ചു ദിവസമായി മട്ടാഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സംഘത്തെ ഇന്നലെ മുനന്പത്തേക്ക് കൊണ്ടു വന്നതും വൻ പോലീസ് സന്നാഹത്തിൽ തന്നെയാണ്. ഏഴ് തമിഴ് നാട്ടുകാരും ഒരു മലയാളിയും ഉൾപ്പെടുന്നതാണ് സംഘം.
അതേ സമയം ക്വട്ടേഷൻ നൽകിയെന്ന് പറയുന്ന ആലുവ സ്വദേശി ഇപ്പോഴും ഒളിവിൽ തന്നെയാണെന്നാണ് സൂചന. ഇയാളെ കിട്ടിയാൽ നിരവധി ചോദ്യങ്ങൾക്ക് അന്വേഷണ സംഘത്തിനു ഉത്തരം ലഭിക്കും. ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.