മുനമ്പം: കടലോരത്തെ പള്ളിമുറ്റത്തു പഴയൊരു ഷീറ്റു വലിച്ചുകെട്ടി രണ്ടു പേര് നിരാഹാരമിരുന്നു തുടക്കമിട്ട മുനമ്പത്തെ സമരം, വലിയ ബഹുജനപിന്തുണയോടെ നാളെ ഒരു മാസം പൂര്‍ത്തിയാക്കുന്നു. തീരജനതയുടെ ജനകീയസമരചരിത്രത്തില് പുതിയ അധ്യായമെഴുതി, മുനമ്പം മുന്നേറ്റം ദേശീയശ്രദ്ധയിലേക്കുവരെയെത്തിക്കഴിഞ്ഞു.
അപ്പോഴും വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെയും വഖഫ് ബോര്‍ഡിന്റെയും ഭാഗത്തുനിന്ന് കാര്യമായ അനക്കമില്ല. ഇതുവരെയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതീക്ഷ നല്കുന്ന നീക്കങ്ങളൊന്നും ഉണ്ടാകാത്തതില്‍ പ്രദേശവാസികള്‍ അമര്‍ഷത്തിലാണ്. മുഖ്യമന്ത്രി ഇനിയും മുനമ്പത്തെക്കുറിച്ചു മിണ്ടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വഖഫ് അവകാശവാദത്തിന്റെ പേരില്‍ പ്രതിസന്ധിയിലായ മുനമ്പം, ചെറായി നിവാസികളുടെ ഭൂമിയ്ക്കു റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ഒക്ടോബര്‍ 13നാണ് മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചത്.
സമിതി കണ്‍വീനര്‍ ജോസഫ് ബെന്നി കുറുപ്പശേരി, ബെന്നി ജോസഫ് കല്ലുങ്കല്‍ എന്നിവരാണ് ആദ്യദിനത്തിലെ സമരക്കാര്‍. തുടര്‍ന്നിങ്ങോട്ട് ഓരോ ദിവസവും സമരത്തില്‍ പങ്കാളികളാകുന്നവരുടെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പിന്തുണയ്ക്കാനെത്തുന്നവരുടെയും എണ്ണം കൂടിവന്നു. മേജര്‍ ആര്‍ച്ച്ബിഷപ്പുമാര്‍ ഉള്‍പ്പടെ കേരള കത്തോലിക്കാ സഭയിലെ പത്തിലധികം മെത്രാന്മാര് ഇതുവരെ സമരപ്പന്തലിലെത്തി. ഓരോ ദിനവും ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ വലിയ ജനാവലി സമര പരിസരങ്ങളിലുണ്ട്.
വില നല്കി വാങ്ങി കാലങ്ങളായി ഉപയോഗിക്കുന്ന തങ്ങളുടെ കിടപ്പാടത്തിനും ഭൂമിയ്ക്കും പൂര്‍ണമായ ക്രയവിക്രയ അവകാശങ്ങള്‍ നല്കി വിഷയത്തിനു ശാശ്വതപരിഹാരമുണ്ടാക്കാതെ പിന്നോട്ടില്ലെന്ന നിലപാട് മുനമ്പം ജനതയും സമരസമിതിയും ആവര്‍ത്തിക്കുന്നു.ഒരു മാസം തികയ്ക്കുന്ന മുനമ്പം സമരത്തിലും ഇവിടുത്തെ ഗൗരവമായ വഖഫ് അവകാശവാദ വിഷയത്തിലും മുഖ്യമന്ത്രി ഇനിയും പ്രതികരിക്കാത്തതു രാഷ്ട്രീയനേട്ടത്തിനും വോട്ടുബാങ്ക് ചോരാതിരിക്കാനുമാണെന്നു സമരക്കാര്‍ ആരോപിക്കുന്നു.
മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും വിചാരിച്ചാല്‍ പത്തു മിനിട്ടു കൊണ്ടു മുനമ്പം വിഷയം പരിഹരിക്കാനാകുമെന്നും ഇക്കാര്യത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോടും മുഖ്യമന്ത്രി മനസു തുറന്നിട്ടില്ല.യുഡിഎഫിലെ കക്ഷിനേതാക്കളും വിവിധ എംഎല്‍എമാരും കേന്ദ്രമന്ത്രിമാരുള്‍പ്പടെ ബിജെപിയുടെ ദേശീയ, സംസ്ഥാന നേതാക്കളും മുനമ്പത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ പാലക്കാട് സ്ഥാനാര്‍ഥിയും ഇന്നലെ എത്തി.
അതേസമയം മുനമ്പം വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെയും വഖഫ് ബോര്‍ഡ് ഉന്നതാധികാരികളുടെയും യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. നേരത്തെ 16നു നിശ്ചയിച്ച യോഗം പിന്നീട് 28ലേക്കു മാറ്റി. വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണു സമരസമിതി.
- സിജോ പൈനാടത്ത്