വൈപ്പിൻ : മുനന്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചെറായി ബീച്ചിലെ റിസോർട്ടിലെത്തിയ സംഘത്തിലെ ഒരു ഒരു നവജാത ശിശുവിനെയും മറ്റൊരു ബാലനെയും കുഴുപ്പിള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചിരുന്നതായി സൂചന. സംഘം റിസോർട്ടുകളിലെത്തിയ ആറിനാണ് ഇവർ ഇവിടെ ചികിത്സതേടിയെത്തിയത്.
സംഘത്തിൽപെട്ട ഒരു ഗർഭിണി ചോറ്റാനിക്കരയിലെ ഒരു ആശുപത്രിയിൽ പ്രസവിച്ചതായി പോലീസിനു വിവരം ലഭിച്ചിരുന്നു. ഈ പ്രവസവത്തിലെ നവജാത ശിശുവിനെയും കൊണ്ടാണ് കുഴുപ്പിള്ളി ആശുപത്രിയിലെത്തിയത്.
ശിശുവിനു ശ്വാസം തടസം അനുഭവപ്പെട്ട സാഹചര്യത്തിൽ ഡോക്ടറെ കണ്ട് ഒരു മാസത്തേക്ക് കഴിക്കാനുള്ള മരുന്ന് എഴുതി നൽകണമെന്നാവശ്യപ്പെട്ടെങ്കിലും ഡോക്ടർ ഇത് നിരാകരിച്ച് ഒരാഴ്ചത്തേക്കുള്ള മരുന്ന് മാത്രമേ നൽകിയുള്ളുവത്രേ.
കുഞ്ഞിനെകൂടാതെ കൈ ഒടിഞ്ഞ ഒരു ബാലനെയും ഈ ആശുപത്രിയിൽ എത്തിക്കുകയും പ്ലാസ്റ്റർ ഇട്ടതിനുശേഷം ആശുപത്രി വിടുകയും ചെയ്തെന്ന വിവരങ്ങൾ പോലീസിനു ലഭ്യമായിട്ടുണ്ട്. എന്നാൽ സ്ഥലത്തെത്തിയവർ തമിഴ്നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാന്പുകളിൽ കഴിയുന്ന ശ്രീലങ്കൻ അഭയാർഥികളാണോ അതോ മറ്റ് സംസ്ഥാനക്കാരാണോയെന്ന കാര്യത്തിൽ പോലീസിനു വ്യക്തതയില്ല.
ഇവർ താമസിച്ചിരുന്ന റിസോർട്ടുകളിൽ ഡൽഹി വിലാസമാണ് നൽകിയിരിക്കുന്നത്. മാത്രമല്ല ഇവർ ഹിന്ദി, തമിഴ്, മലയാളം ഭാഷകളാണ് സംസാരിക്കുന്നതെന്ന് റിസോർട്ട് ജീവനക്കാർ പറയുന്നു.