വൈപ്പിൻ: മുനന്പത്തുനിന്നും യാത്രാരേഖകളില്ലാതെ ഓസ്ട്രേലിയയിലേക്ക് കടക്കാൻ എത്തിയ സംഘത്തെ കുറിച്ചു വ്യക്തമായ വിവരങ്ങളുമായി പോലീസ്. മത്സ്യബന്ധന ബോട്ടിൽ ഓസ്ട്രേലിയയിലേക്കു നടന്ന മനുഷ്യക്കടത്തിനു പിന്നിൽ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കടത്ത് സംഘമാണെന്നു പോലിസിനു സൂചന ലഭിച്ചു. സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷിച്ചു വരുകയാണെന്നാണ് പോലിസ് അറിയിക്കുന്നത്. ശ്രീലങ്കൻ, ബംഗ്ലാദേശ് അഭയാർഥികളാണ് വിദേശത്തേക്കു കടക്കാൻ ശ്രമിച്ചത്.
13 കുടുംബങ്ങളാണ് മുനന്പം വഴി വിദേശത്തേക്കു കടന്നത്. 43 അംഗസംഘത്തിൽ നാലു ഗർഭിണികളും കൈകുഞ്ഞുങ്ങളുമുണ്ട്. ഒരു മാസത്തെ തയാറെടുപ്പിനുശേഷമാണ് സംഘത്തെ കടത്തിരിക്കുന്നത്. ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വിപ് മനുഷ്യക്കടത്തിന്റെ ഒരു കേന്ദ്രമാണ്. യാത്രക്കായി ബോട്ട് വാങ്ങിയത് ഒരു കോടി രൂപയ്ക്ക്.
പോലീസ് അന്വേഷിക്കുന്ന ജയമാതാ എന്ന മത്സ്യബന്ധനബോട്ടാണ് യാത്രക്ക് പത്ത് ദിവസങ്ങൾക്ക് മുന്പ് മുനന്പം സ്വദേശിയിൽനിന്നും രണ്ടു പേർ ചേർന്നു വാങ്ങിയത്. ഉടമസ്ഥരിൽ ഒരാൾ തിരുവനന്തപുരം സ്വദേശിയും മറ്റൊരാൾ കുളച്ചൽ സ്വദേശിയുമാണെന്നാണ് പോലീസിനു ലഭിച്ച വിവരം.
ബോട്ട് വാങ്ങൽ ഇടപാട് നടക്കുന്പോൾ മുതൽ ഓസ്ട്രേലിയയിലേക്ക് പുറപ്പെടാനുള്ള സംഘം ചെറായി ബീച്ചിലെ ചെറുകിട റിസോർട്ടുകളിൽ താമസിച്ചു വരുകയായിരുന്നു. ഒരു മാസത്തിലധികം കടലിൽ തന്പടിച്ച് മത്സ്യബന്ധനം നടത്താൻ സാധിക്കുന്ന വന്പൻ ബോട്ടാണിത്. ബോട്ട് കണ്ടെത്താൻ നേവിയുടേയും കോസ്റ്റുഗാർഡിൻറെയും സഹായത്തോടെ പോലീസ് കടലിൽ വ്യാപകമായ തെരച്ചിൽ നടത്തുന്നുണ്ട്.
ബോട്ട് കണ്ടെത്തി അതിലുള്ളവരെ ചോദ്യം ചെയ്താൽ മാത്രമെ മനുഷ്യക്കടത്ത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളെന്ന് പോലീസ് പറയുന്നു. ഈ മാസം ഏഴുവരെ മുനന്പത്ത് ഒരു മറൈൻ ഡീസൽ പന്പിനു സമീപം കെട്ടിയിട്ടിരുന്ന ഈ ബോട്ടിൽ 13500 ലിറ്റർ ഡീസൽ നിറച്ചശേഷം 11 നു പകൽ ഇവിടെ നിന്നും ബോട്ട് പോയതായാണ് പന്പിലെ ജീവനക്കാർ നൽകിയ മൊഴി.
ഡീസൽ അടിച്ച വകയിൽ 53000 രൂപ ബാക്കി നൽകാനുമുണ്ട്. ഓസ്ട്രേലിയയിലേക്ക് കടക്കാനായി എത്തി ഈ മാസം അഞ്ചിനും ആറിനുമായി ചെറായി ബീച്ചിലെ ആറു ചെറുകിട റിസോർട്ടുകളിലും ഹോം സ്റ്റേകളിലുമായി തങ്ങിയ സംഘം 12 നു പുലർച്ചെ ഒന്നരയോടെ ബീച്ചിനു തെക്കുഭാഗത്തുള്ള ബീച്ച് വാലി എന്ന റിസോർട്ടിൽ എത്തി തന്പടിച്ചു.
ഇവിടെനിന്നും പുലർച്ചെ 5.30ന് കന്യാകുമാരിയിലേക്കെന്ന് പറഞ്ഞ് ഒരു മിനിബസിലും മറ്റൊരു ട്രക്കിലും ഇവർ കയറിപ്പോയെന്നാണ് റിസോർട്ടിന്റെ ഉടമ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇവർ എങ്ങോട്ട് പോയെന്നകാര്യത്തിൽ വ്യക്തതയില്ല. സിസിടിവി കാമറകൾ പരിശോധിച്ച് പോലീസ് വാഹനം കണ്ടെത്താൻ ശ്രമിച്ചെങ്കിലും ദൃശ്യങ്ങൾ അവ്യക്തമായതിനാൽ വാഹനത്തിന്റെ നന്പർ കണ്ടുപിടിക്കാൻ പോലീസിനായിട്ടില്ല. മൂന്ന് വാഹനങ്ങൾ പോലീസ് കണ്ടെത്തിയിരുന്നെങ്കിലും സംഘം സഞ്ചരിച്ചവ ആയിരുന്നില്ല ഇത്.
ചെറായി ബീച്ചിൽ നിന്നും 12 നു പുലർച്ചെ 5.30നു മിനിബസിലും ട്രക്കിലുമായി യാത്ര തിരിച്ച സംഘം പുലർച്ചെ 5.45 ഓടെ മാല്യങ്കരയിലെത്തുകയും ജയമാതാ എന്ന ബോട്ടിൽ കയറി തുറമുഖം വിട്ടിരിക്കാമെന്നുമായിരുന്നു പോലീസിന്റെ ഇതുവരെയുള്ള നിഗമനം.
എന്നാൽ ഇന്നലെ രാവിലെ കൊടുങ്ങല്ലൂരിൽനിന്നും മനുഷ്യക്കടത്തു സംഘത്തിലേതെന്ന് സംശയിക്കുന്ന 40 ഓളം ബാഗുകൾ അനാഥമായ നിലയിൽ പോലീസ് കണ്ടെത്തിയ സാഹചര്യത്തിൽ ദൗത്യം പരാജയപ്പെട്ടതിനെതുടർന്ന് സംഘം ചെറായിയിൽനിന്നും കൊടുങ്ങല്ലൂരെത്തി തിരിച്ച് പോയതായിരിക്കുമോയെന്ന അനുമാനവും പോലീസിനിപ്പോഴുണ്ട്.