ചെറായി: മുനന്പം അങ്ങാടിയിൽ പൊതു സ്ഥലത്ത് സ്ഥിതിചെയ്യുന്ന തണൽ മരം മുറിക്കുന്നത് വിവാദമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വൈകുന്നേരം സ്ഥലത്തെത്തി പരിശോധന നടത്തും. മരത്തിനു പോടുണ്ടെന്ന് കണ്ടെത്തി നാട്ടുകാർക്ക് ഭീഷണിയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിധിയെഴുതിയാൽ മരം മുറിക്കാനാണ് പഞ്ചായത്തിന്റെ നീക്കം.
പഞ്ചായത്ത് അനുവാദം നൽകിയെന്ന് പറഞ്ഞ് സമീപത്തെ സ്ഥാപനത്തിന്റെ ഉടമ ഈ വർഷം ഫെബ്രുവരിയിൽ മരം മുറിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. എന്നാൽ യാതൊരു കേടുപാടുമില്ലാത്ത തണൽ മരം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനു സൗകര്യം ചെയ്യാൻ മുറിച്ചു മാറ്റുന്നതിനെതിരേ പള്ളിപ്പുറം വികസന ജനകീയ സമിതി സംരക്ഷണ സമിതി രംഗത്ത് വന്നതോടെയാണ് വിവാദമായത്.
ഇവർ പഞ്ചായത്ത് സെക്രട്ടറിക്കും പോലീസിനും പരാതി നൽകിയതിനെ തുടർന്ന് പഞ്ചായത്ത് ഇടപെട്ട് തടയുകയും സമിതിയെ ചർച്ചക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി മരത്തിനു കേടുണ്ടെങ്കിൽ മുറിച്ച് മാറ്റുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ,സെക്രട്ടറി എന്നിവർ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ ഇക്കഴിഞ്ഞ മേയ് 19ന് സമിതി ചെയർമാൻ വി.എക്സ് ബനഡിക്ടിനെ പഞ്ചായത്തിൽ വിളിച്ചു വരുത്തുകയും മരത്തിനു ഭാവിയിൽ പോടുണ്ടായേക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മരം മുറിക്കാൻ തടസം നിൽക്കരുതെന്നും പ്രസിഡന്റും സെക്രട്ടറിയും ആവശ്യപ്പെട്ടുവത്രേ.
എന്നാൽ മരത്തിന്റെ ശിഖരങ്ങൾ വെട്ടിമാറ്റിയതൊഴിച്ചാൽ 145 ഇഞ്ച് തടിവണ്ണമുള്ള മരത്തിനു കേടുപാടുകളോ മരം കൊണ്ട് മറ്റ് അപകട സാധ്യതകളോ ഒന്നും തന്നെ ഇല്ലെന്നാണ് സ്ഥലത്ത് വന്ന് പരിശോധിക്കുന്ന ഏവരുടേയും അഭിപ്രായമെന്ന് സമിതി പറയുന്നു. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്ത് വന്ന് പരിശോധിക്കാതെ ഭാവിയിൽ ഇതിനു പോടുണ്ടായേക്കുമെന്ന റിപ്പോർട്ട് പഞ്ചായത്ത് സമ്മർദം ചെലുത്തി എഴുതി വാങ്ങിയതാണെന്നും സമിതി ആരോപിച്ചു.
സത്യസന്ധമല്ലാത്ത റിപ്പോർട്ട് എഴുതിയ ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെയും പരാതി നൽകുമെന്നും അനാവശ്യമായി മരംമുറിക്കാൻ ശ്രമിച്ചാൽ പരിസ്ഥിതി പ്രവർത്തകരെ സംഘടിപ്പിച്ച് സമരം സംഘടിപ്പിക്കുമെന്നും സംരക്ഷണ സമിതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തുന്നത്. നടപടി സത്യസന്ധമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ജനകീയ സംരക്ഷണ സമിതി അറിയിച്ചു.