പറവൂർ: പെരിയാർ മുനമ്പം അഴിമുഖത്തോട് ചേരുന്ന പ്രദേശത്തെ കായലിലും ഇതോടു ചേർന്നുള്ള പുഴകളിലും മത്സ്യസമ്പത്തിന്റെ ഗണ്യമായ കുറവ്. പരമ്പരാഗതമായി ലഭിച്ചിരുന്ന ഉപ്പു ജലാശയ മത്സ്യങ്ങളിൽ ആണ് വൻകുറവ്.
പല മത്സ്യങ്ങളും വംശനാശ ഭീഷണിയിലുമാണ്. മത്സ്യങ്ങൾ ദിവസംതോറും കുറഞ്ഞുവരുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനവും തുടർന്ന് പരിഹാരമാർഗങ്ങളും വേണമെന്നതാണ് ഈ മേഖലയിലുള്ളവർ ആവശ്യപ്പെടുന്നത്.
ചാലക്കുടി പുഴയും പെരിയാറും സംഗമിക്കുന്ന പുത്തൻവേലിക്കര, ചൗക്കകടവ്, കണക്കൻകടവ് തുടങ്ങി കൊടുങ്ങല്ലൂർ കായലും മുനമ്പം അഴിമുഖവും വരെയുള്ള സ്ഥലങ്ങൾ പ്രത്യേക മത്സ്യ സമ്പത്തിന് പേരുകേട്ട സ്ഥലങ്ങളായിരുന്നു.
എല്ലാത്തരം മത്സ്യങ്ങൾക്കും അനുകൂലമായ ആവാസവ്യവസ്ഥയുള്ള കേന്ദ്രങ്ങളും ആയിരുന്നു ഇവിടം. തിരുത, ചെമ്പല്ലി, കതിരാൻ, കോലാൻ, കല്ലാൻ, കണമ്പ്, കൂരി, പാലാൻ, ഏരി, ചെപ്പേരി, ചെമ്പല്ലി, നച്ചറ, മാലാൻ, വഴുത, ചെമ്മീൻ, കൊഴുവ, പള്ളത്തി, കറൂപ്പ്, വെട്ടൻ, തുടങ്ങിയ നിരവധി ഇനം മത്സ്യങ്ങൾ കിട്ടിയിരുന്നു.
കുറേ വർഷങ്ങളായി വളോടി, നച്ചറ തുടങ്ങിയ മത്സ്യങ്ങൾ വളരെ കുറച്ചു മാത്രമേ ലഭിക്കുന്നുള്ളൂവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ജലത്തിലെ ആവാസവ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റമാണ് ഇതിനുള്ള കാരണമെന്ന് പറയപ്പെടുന്നു.
ചാലക്കുടിപ്പുഴ സംഗമിക്കുന്ന കണക്കൻകടവിലും പുറപ്പിള്ളിക്കാവിലും റെഗുലേറ്റർ കം ബ്രിഡ്ജ് പണിതീർത്തതോടെ മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചു തുടങ്ങി എന്ന് കരുതുന്നു.
പരമ്പരാഗത മത്സ്യബന്ധന രീതിയിലുള്ള മീൻപിടിത്തം ആണ് കൂടുതലായും ഈ മേഖലയിൽ നടക്കുന്നത്. ചീനവല, വീശുവല, ഊന്നിവല, കൂടുവല തുടങ്ങിയ തരത്തിലാണ് ഈ പ്രദേശത്തു മത്സ്യങ്ങളെ പിടിച്ചിരുന്നത്.
പുഴയിലേക്ക് മാലിന്യം അധികമായി എത്തിയതോടെ പായൽ തിന്നുജീവിക്കുന്ന കണമ്പ് ഉൾപ്പെടെയുള്ള മത്സ്യങ്ങൾക്ക് സ്വാഭാവികമായിട്ടുള്ള ഭക്ഷണം ലഭിക്കാതെയായി. പെരിയാറിൽ ചാലക്കുടിപ്പുഴ കൂടിച്ചേരുന്ന ഭാഗത്ത് ശുദ്ധജല മത്സ്യങ്ങൾ കിട്ടുമായിരുന്നു.
പരൽ, കൂരി, കാരി, വാള, പരൽ, തൂളി, കൊഞ്ച്, തോറൻ, മൃഗാൾ, വള്ളി പൂമീൻ തുടങ്ങിയവ ഇതിലുൾപ്പെടും. ഇവയുടെ ലഭ്യതയും കുറഞ്ഞിരിക്കുന്നതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.