ചെറായി: മുനന്പം മാതൃകാ ഹാർബറിലെ 58 കാരനായ തരകനു കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ല. ഇതേ തുടർന്ന് ഇയാളുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരും ക്വാറന്റൈനിൽ പോകണമെന്ന് മുനന്പം മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഈ സാഹചര്യത്തിൽ ഹാർബർ മൂന്ന് ദിവസത്തിനുള്ളിൽ അടച്ച് പൂട്ടിയേക്കുമെന്നാണ് സൂചന. കടലിൽ കിടക്കുന്ന ബോട്ടുകൾ അടുത്ത് മത്സ്യവില്പന നടത്തുന്നതിനു വേണ്ടിയാണ് മൂന്നു ദിവസം സാവകാശം നൽകുന്നത്.
ഓണമായിരുന്നതിനാൽ രണ്ട് ദിവസമായി കടലിൽ പോകാതെ കിടക്കുന്ന ഫൈബർ വള്ളങ്ങളെ ഇന്ന് മത്സ്യബന്ധനത്തിനു പോകാൻ അനുവദിച്ചില്ല. ഇതിലെ തൊഴിലാളികളായ പൂന്തുറ, കൊല്ലം, തുടങ്ങിയ മേഖലയിലുള്ളവരെ കൂട്ടത്തോടെ ക്വാറന്റൈനിൽ താമസിപ്പിക്കാനാണ് നീക്കം.
ഫൈബർ വള്ളങ്ങളുടെ തരകനായിരുന്നതിനാൽ ഇവരുമായിട്ടായിരുന്നു ഇയാൾക്ക് കൂടുതൽ സന്പർക്കം. ഈ സാഹചര്യത്തിൽ ഇവരിൽ നിന്നായിരിക്കും രോഗം പകർന്നതെന്നാണ് നിഗമനം.
മുനന്പം ഹാർബർ തുറന്നപ്പോൾ നേരത്തെ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന പൂന്തുറ, കൊല്ലം മേഖലയിൽ നിന്നും നിരവധി മത്സ്യതൊഴിലാളികളും വള്ളങ്ങളും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇവിടെ എത്തിയിരുന്നു.
ഉറവിടമറിയാത്ത സാഹചര്യത്തിൽ ഹാർബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ശ്രവങ്ങൾ ശേഖരിച്ച് പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നീക്കം. ഇപ്പോഴത്തെ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ ഒരാഴ്ച ഹാർബറിനു താഴുവീണേക്കും.
പള്ളിപ്പുറം പഞ്ചായത്തിലെ രണ്ടാം വാർഡ് നിവാസിയായ ഇയാൾക്ക് കഴിഞ്ഞമാസം 24 മുതൽ പനിയും ജലദോഷവും ഉണ്ടായിരുന്നു. ഇന്നലെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇതിനു മുന്നേ ഇയാൾ അടുത്ത ചില സഹപ്രവർത്തകർക്കൊപ്പം ഹാർബറിൽ ഫൈബർ വള്ളങ്ങൾ അടുക്കുന്ന പടിഞാറുവശത്തെ ലാൻഡിംഗ് മേഖലയിൽ മത്സ്യകച്ചവടത്തിനായി പലകുറി എത്തിയിട്ടുണ്ട്.
കൂടാതെ ശനിയാഴ്ച ഫിഷറീസ് ഉദ്യോഗസ്ഥൻമാർ വിളിച്ച് ചേർത്ത യോഗത്തിൽ ഇയാളും സഹപ്രവർത്തകരും സംബന്ധിച്ചിട്ടുണ്ട്.
ഫിഷറീസ് ഉദ്യോഗസ്ഥൻമാരടക്കം സന്പർക്കത്തിലുള്ളതിനാൽ ആരോഗ്യ വകുപ്പ് വിശദമായ സന്പർക്ക പട്ടിക തയാറാക്കി വരുകയാണ്.