മുണ്ടക്കയം: കോട്ടയം മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം വ്യാജമെന്ന് വനംവകുപ്പ്.
ചെന്നാപ്പാറ കൊമ്പുകുത്തി മേഖലയിൽ പുലിയുടെ ശല്യം പതിവായതിന് തൊട്ടുപിന്നാലെയാണ് സോഷ്യൽ മീഡിയയിൽ മുണ്ടക്കയത്ത് കടുവ ഇറങ്ങിയെന്ന വ്യാജ വീഡിയോ പ്രചരിക്കുന്നത്.
പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയകളിലുമാണ് വീഡിയോ എത്തുന്നത്.
വണ്ടൻപതാലിനും പനക്കച്ചിറയ്ക്കും ഇടയിൽ തേക്കിൻകൂപ്പിൽ കടുവ ഇറങ്ങിയതായാണ് വാർത്ത പ്രചരിക്കുന്നത്. ഇതുകണ്ടതോടെ പ്രവാസികൾ ഭീതിയിലായി.
ചെന്നാപ്പാറ, കൊമ്പുകുത്തി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ കണ്ടെന്നു നാട്ടുകാർ പറയുകയും കാമറ ഉൾപ്പെടെ സ്ഥാപിച്ച് അന്വേഷണം നടത്തിവരികയുമാണ്.
ഇതിനിടെ കടുവയും ഇറങ്ങിയെന്ന വാർത്ത ജനങ്ങൾ വിശ്വസിച്ചു.എന്നാൽ, ഈ വീഡിയോ വടക്കേ ഇന്ത്യയിലെ ഏതോ വനാതിർത്തി പ്രദേശത്തെ ആണെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നതിൽ നിന്നു ജനങ്ങൾ പിന്തിരിയണമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.