ഹെൻറി ജോൺ കല്ലട
കുണ്ടറ: പടിഞ്ഞാറെ കല്ലടയിലെ വിളന്തറ വലിയപാടം ചെമ്പിൽ കായലിലെ ആദിക്കാട്ട് ഏലായിൽ വിനോദത്തിനായി കൂട്ടുകാർ ഒത്തുചേർന്നത് മരണത്തിന്റെ വഴിയിൽ.
സമീപവാസിയുടെ മീൻ പിടിക്കാൻ ഉപയോഗിക്കുന്ന കൊച്ചു തടി വെള്ളത്തിലാണ് അഞ്ച് സുഹൃത്തുക്കളും തുഴഞ്ഞു പോയത് മരണത്തിന്റെ അഗാധതയിലേക്ക്.
നാട്ടുകാർ മറിപ്പൻ വെള്ളമെന്ന് പേരിട്ടിരിക്കുന്ന കൊച്ചു വള്ളത്തിൽ രണ്ടുപേർക്ക് കഷ്ടിച്ചേ ഇരിക്കാൻ കഴിയുകയുള്ളൂ.
അതിൽ കയറിയാണ് അഞ്ചു പേർ യാത്ര ചെയ്തത്. ലോക്ക് ഡൗൺ സമയമായതിനാൽ മടുപ്പ് ഒഴിവാക്കാൻ വിനോദത്തിനു വേണ്ടി മാത്രമായിരുന്നു യാത്ര.
വള്ളത്തിൽ കയറും മുമ്പ് സമീപത്തുള്ള വീട്ടിലെ മേശപ്പുറത്ത് അഞ്ചുപേരുടെയും മൊബൈൽഫോണുകൾ കരുതലോടെ ചേർത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ടായിരുന്നു. വള്ളത്തിൽ ഉച്ചയോടെയാണ് കായലിലേക്ക് തുഴഞ്ഞു നീങ്ങിയത്.
വൈകുന്നേരത്തോടെയുള്ള മടക്കയാത്രയിലായിരുന്നു അപകടം. പണ്ട് ഒരിപ്പു കൃഷിചെയ്തിരുന്ന ആദിക്കാട്ട് ഏലയിൽ ചെളിയെടുത്ത് ആഴം വരുത്തിയ ഭാഗത്തായിരുന്നു വള്ളം മ റിഞ്ഞത്.
വള്ളത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ നീന്തി കരയ്ക്കെത്തി. വിളന്തറയിലെ പനത്തറ പുത്തൻവീട്ടിൽ അമൽ, കാഞ്ഞിരംവിള വടക്കതിൽ ശിവപ്രസാദ്, തുണ്ടിൽ ആദിത്യൻ എന്നിവരായിരുന്നു രക്ഷപ്പെട്ടത്.
കരയിലെത്തിയപ്പോഴാണ് കൂട്ടുകാരിൽ രണ്ടു പേരില്ലെന്നറിഞ്ഞത്. വലിയ പാടം പടന്നയിൽ സേതുവിന്റെ മകൻ മിഥുൻ നാഥ് (21) പ്രണവം വീട്ടിൽ രഘുനാഥൻ പിള്ളയുടെ മകൻ ആദർശ് (24) എന്നിവരെയാണ് കാണാതായത്. രക്ഷപ്പെട്ട മൂന്ന് സുഹൃത്തുക്കളും ചേർന്ന് ഇരുവർക്കുമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല.
നീന്തി കരയിലെത്തിയ യുവാക്കളുടെ നിലവിളി കേട്ടാണ് അയൽക്കാർ വിവരമറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും സംഭവമറിഞ്ഞെത്തിയ ബന്ധുക്കളും കാണാതായവർക്കായി കായലിൽ നടത്തിയ തെരച്ചിൽ വിഫലമാവുകയായിരുന്നു.
അഗ്നിരക്ഷാസേനയും ശാസ് താംകോട്ട പോലീസും നാട്ടുകാരും കൊല്ലത്തു നിന്നെത്തിയ സ്കൂബ ടീമും ചേർന്ന് രാത്രിയിലും തെരച്ചിൽ നടത്തിയതിന്റെ ഫലമായി രാവിലെ 10.30 ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
ഇവരുടെ വേർപാടിൽ വലിയപാടം ഗ്രാമം കണ്ണീരിലാ ണ്ടു. മരണം വിശ്വസിക്കാൻ കഴിയാത്ത വാർത്തയായി നാടെങ്ങും പരന്നത് നിമിഷങ്ങൾ കൊ ണ്ടായിരുന്നു.
നാട്ടുകാർക്ക് ഉപകാരികളായ യുവാക്കളെക്കുറിച്ച് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. പടിഞ്ഞാറേകല്ലട സൗഹൃദ കൂട്ടായ്മ കണ്ണീർ പൂക്കൾ അർപ്പിച്ചു.
സുമയാണ് മിഥുൻ നാഥിന്റെ അമ്മ. കണ്ണൻ എന്ന് വിളിക്കുന്ന നിധിൻനാഥ് ഏക സഹോദരനാണ്. നിർമാണ തൊഴിലാളിയാണ് അച്ഛൻ സേതു.
ഉഷാകുമാരി ആണ് ആദർശിന്റെ അമ്മ. അനുപമ സഹോദരിയും. മിഥുൻനാഥിന് വലിയപാടം ഗ്രാമം വിങ്ങലോടെ വിടനൽകി. ആദർശിന് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകും.
പടിഞ്ഞാറേകല്ലടയിലെ നെൽവയൽ മണലൂറ്റിയും ചെളിവാരിയും കായലാ ക്കിയ സ്വാർഥവൈകൃതങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്ന രക്തസാക്ഷികളാവും ഇനിമുതൽ മിഥുൻ നാഥും ആദർശും.
പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണൻ തെരച്ചിലിനും മറ്റും സജീവസാന്നിധ്യമായിരുന്നു.