ചങ്ങനാശേരി: ചങ്ങനാശേരി പൂവക്കാട്ടുചിറയിലുള്ള മുനിസിപ്പൽ പാർക്ക് അസാന്മാർഗികതയുടെ പരസ്യ താവളമായി. നിയന്ത്രിക്കേണ്ട അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു. അതിരുവിട്ട സല്ലാപങ്ങൾ കുട്ടികളുമായെത്തുന്ന മാതാപിതാക്കൾക്ക് ബുദ്ധിമുട്ടായതോടെ കുടുംബങ്ങൾ ഈ പാർക്കിൽ എത്താതായി. കഴിഞ്ഞ കുറേക്കാലമായാണ് ഈ മുനിസിപ്പൽ പാർക്ക് കാമുകീകാമുകന്മാരുടെ സല്ലാപ കേന്ദ്രമായത്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ ഹയർസെക്കൻഡറി സ്കൂളുകൾ, കോളജുകൾ, ടെക്നിക്കൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥി, വിദ്യാർഥിനികളാണ് ഇവിടെ സല്ലാപത്തിനെത്തുന്നത്. നഗരവാസികൾക്ക് സായാഹ്നങ്ങളിൽ ഉല്ലസിക്കാനായി ആരംഭിച്ച പാർക്കാണ് ഇന്ന് അധാർമികതയുടെ താവളമായി വളരുന്നത്.
സ്കൂളിലും കോളജിലും പോകുന്നതിനായി യൂണിഫോമണിഞ്ഞ് ബാഗും ചോറും എടുത്ത് വീട്ടിൽ നിന്നിറങ്ങുന്ന ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് ഈ പാർക്കിൽ എത്തുന്നത്. ചില കേന്ദ്രങ്ങളിലെത്തി ഇവർ യൂണിഫോം മാറി വേറെ വസ്ത്രങ്ങൾ അണിഞ്ഞാണ് പാർക്കിൽ പ്രവേശിക്കുന്നത്. പത്തുരൂപ ഗേറ്റ് പാസ് വാങ്ങി അകത്തുകടന്നാൽ പിന്നെ പാർക്ക് അവരുടെ വിഹാര കേന്ദ്രമായി മാറുകയാണ്. ജോഡികളായി തിരിഞ്ഞ് ഇരിപ്പിടങ്ങളിൽ സ്ഥാനം പിടിച്ചാണ് പ്രണയ സല്ലാപങ്ങളിലും കാമകേളികളിലും വിരാജിക്കുന്നത്.
സ്കൂളും കോളജും വിടുന്ന മൂന്നരയോടെ ചിലർ മടങ്ങും. മറ്റു ചിലർ പാർക്ക് അടയ്ക്കുന്നതുവരെ ഇവിടെ കഴിഞ്ഞു കൂടും. പരസ്യ ചുംബനങ്ങളും ആലിംഗനങ്ങളും മരംചുറ്റി പ്രേമവും സെൽഫി എടുക്കലും ഇവിടെ പുതുമയല്ലാത്ത കാഴ്ചയാണ്. മറ്റാരും കണ്ടാലും ഇവർക്ക് ലജ്ജയുമില്ലത്രേ. കുടുംബമായി എത്തുന്നവർ ഈ കേളീവിലാസങ്ങൾ കണ്ട് മുഖം തിരിക്കും. പിന്നെ ഈ പാർക്കിലേക്കില്ലെന്ന പ്രതിജ്ഞ എടുത്താണ് പോകുന്നത്.
പടിഞ്ഞാറു ഭാഗത്തുള്ള ട്രെയിൻ ബോഗികളും അനാശാസ്യ കേന്ദ്രമായിട്ടുണ്ട്. പാർക്കിൽ ക്രിമിനൽ സംഘങ്ങളും കഞ്ചാവ്, മയക്കുമരുന്നു സംഘങ്ങളും പ്രവർത്തിക്കുന്നതായും പരാതിയുണ്ട്.പാർക്കിലെ ജീവനക്കാർ എതിർത്താൽ അവരുടെ നേരെ തട്ടിക്കയറുമെന്നു മാത്രമല്ല, അക്രമംവരെ നേരിടേണ്ടി വരുന്നതായാണ് പറയുന്നത്. പോലീസ് എത്തി ഇക്കൂട്ടരെ ചോദ്യം ചെയ്താലും പ്രായപൂർത്തിയായവരാണെന്നുള്ള നിയമവശങ്ങൾ പറഞ്ഞ് ഇവർ പോലീസിനെ മടക്കി അയക്കുകയാണ് പതിവ്.
നിയമസാക്ഷരതയിലും സാംസ്കാരിക രംഗത്തും തലയുയർത്തി നിൽക്കുന്ന ചങ്ങനാശേരി നഗരത്തിൽ പാർക്കിന്റെ മറവിൽ അധാർമികത വളരുന്നത് അനുവദിക്കാനാവില്ലെന്നാണ് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നത്. നേരെ ചൊവ്വേ നടത്താൻ സാധിക്കുന്നില്ലെങ്കിൽ ഇങ്ങനെയൊരു പാർക്ക് പ്രവർത്തിക്കണമോ എന്ന അഭിപ്രായവും ഉയർന്നുട്ടുണ്ട്.