മൂവാറ്റുപുഴ: മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് നഗരസഭാ കൗണ്‍സിൽ അംഗീകാരമായി.സംസ്ഥാനത്തെ ജില്ലാ സ്റ്റേഡിയങ്ങളുടെ നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി 32.5 കോടിയുടെ പ്രവർത്തിക്കാണ് അംഗീകാരമായത്.
15 ഏക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്റ്റേഡിയത്തിനോടനുബന്ധിച്ച് 13,000 ചതുശ്ര അടി വിസ്തീർണത്തിൽ ഇൻഡോർ സ്റ്റേഡിയം, പെണ്‍കുട്ടികൾക്കും ആണ്‍കുട്ടികൾക്കും വിപുലമായ സൗകര്യങ്ങളോടെ ഹോസ്റ്റൽ, അന്തർ ദേശീയ നിലവാരമുള്ള സിന്തറ്റിക് ട്രാക്ക്,ആധുനിക രീതിയിലുള്ള ഫുട്ബോൾ ഗ്രൗണ്ട്, ആധുനിക നിലവാരത്തിലുള്ള വാഹന പാർക്കിംഗ് സൗകര്യം, 50000 പേർക്കിരിക്കാവുന്ന ഗാലറി എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കുമെന്നു നഗരസഭാ ചെയർപേഴ്സണ്‍ ഉഷ ശശിധരൻ, വൈസ് ചെയർമാൻ പി.കെ.ബാബുരാജ്, സ്ഥിരം സമിതി അധ്യക്ഷൻ എം.എ.സഹീർ എന്നിവർ അറിയിച്ചു.