മുണ്ടക്കയം: ക്ഷേത്രത്തിൽ മോഷണം നടത്തിയ മേൽശാന്തിയെയും മുൻ ശാന്തിക്കാരനെയും കുടുക്കിയതു ഫോണ് വിളി.
മുണ്ടക്കയം കൊടുങ്ങ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിലാണ് മേൽശാന്തിയും ചേർത്തല സ്വദേശിയുമായ പടിഞ്ഞാറേ കുന്പളയിൽ പ്രസാദ്(45), ക്ഷേത്രം മുൻ ശാന്തിയും ഇളംകാട് കൊടുങ്ങ വെട്ടത്ത് വീട്ടിൽ സബിൻ ( കുക്കു-30) എന്നിരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.
ക്ഷേത്രത്തിൽ നിന്നു മൂന്നു ലക്ഷം രൂപ വിലവരുന്ന ഓട്ടുപാത്രങ്ങളും നിലവിളക്കുകളുമാണ് ഇവർ മോഷ്്ടിച്ചു വിൽപ്പന നടത്തിയത്.
മോഷണം നടന്നതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിൽ പോലീസ് നിരവധി സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ഫോണ് കോളുകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
ഇതോടെ പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തതിനാൽ തുറന്ന സ്ഥലത്തായിരുന്നു നിലവിളക്കുകൾ അടക്കമുള്ളവ സൂക്ഷിച്ചിരുന്നത്.
2022 ഏപ്രിൽ മാസം മുതൽ മേൽശാന്തിയുടെ നേതൃത്വത്തിൽ പലതവണ കാണിക്കയായി ലഭിച്ച നിലവിളക്കുകളും, ഒട്ട് ഉത്പന്നങ്ങളും കടത്തിക്കൊണ്ട് പോകുകയായിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിരവധിപേരെ ചോദ്യംചെയ്യുകയും ഇവരുടെ ഫോണ് കോൾ ലിസ്റ്റുകൾ പരിശോധിക്കുകയും ചെയ്തിരുന്നു.
ഇതിൽനിന്നു മേൽശാന്തി പ്രസാദ് പലതവണ മാന്നാറിലെ വ്യാപാര സ്ഥാപനത്തിലേക്ക് ബന്ധപ്പെട്ടതായി കാണുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
പകൽ ഓട്ട് ഉത്പന്നങ്ങൾ ക്ഷേത്രത്തിൽനിന്നും കടത്തി സ്വകാര്യ മുറിയിൽ വച്ചശേഷം രാത്രിയിൽ സബിൻ കാറുമായി എത്തുകയും ഇരുവരും ചേർന്ന് മാന്നാറിലെത്തിച്ച് വിൽപ്പന നടത്തുകയുമായിരുന്നു.
ഏകദേശം മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മാന്നാറിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിൽ എഴുപത്തി അയ്യായിരം രൂപയ്ക്ക് വിൽപ്പന നടത്തിയത്.
മുണ്ടക്കയം എസ്എച്ച്ഒ എ. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ പി.എസ്. അനീഷ്്, അനൂപ് കുമാർ, എഎസ്ഐമാരായ ആർ. രാജേഷ്, കെ.ജി. മനോജ്,
സിപിഒമാരായ ജോഷി എം തോമസ്, ജോണ്സൻ, ഷെഫീഖ്, റോബിൻ, ജയശ്രീ, ബിജി, നൂർദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.