മൂന്നരക്കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവതികൾ ഉൾപ്പെടെ നാലംഗ സംഘം എക്സൈസിന്റെ പിടിയിലായി. കുമളി ചെക്ക് പോസ്റ്റിൽ എക്സൈസിനെ വെട്ടിച്ചു കടന്നവരെ പിന്തുടർന്നാണ് പിടിച്ചത്. രണ്ടു പേരെ പീരുമേട്ടിൽനിന്നും രണ്ടു പേരെ മുണ്ടക്കയം ബസ് സ്റ്റാൻഡിൽനിന്നുമാണു പിടിയിലായത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ഷഫീക്ക് (27), അനൂപ് അഷറഫ് (26), തളിപ്പറന്പ് സ്വദേശിനി ജംസീല (28 ), കോഴിക്കോട് സ്വദേശിനി ഷീബ (35) എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ പതിനൊന്നോടെ തമിഴ്നാട്ടിൽനിന്നെത്തിയ കാർ കുമളിയിലെ അതിർത്തി ചെക്ക് പോസ്റ്റിൽ എക്സെസ് ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. വാഹനം കടന്നുപോയ വിവരം പീരുമേട് എക്സൈസ് സിഐയെ കുമളിയിൽനിന്ന് അറിയിച്ചു. ഇതിനിടെ, തേക്കടിക്കവലയിൽ എത്തിയപ്പോൾ കാറിൽനിന്നു രണ്ടു പേർ ഇറങ്ങി കഞ്ചാവുമായി ബസിൽ കയറി.
മറ്റു രണ്ടുപേർ കാറിൽ യാത്ര തുടർന്നു. എന്നാൽ, സിഐ വി.എ. സലിമും സംഘവും പീരുമേട്ടിൽ എത്തിയപ്പോൾ കാർ പിടി കൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണു കഞ്ചാവുമായി രണ്ടുപേർ കടന്നതറിഞ്ഞത്. ഉടനെ പീരുമേട്ടിലെ എക്സൈസ് സംഘം ബസിനെ പിന്തുടർന്നു. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ഇരുവരെയും പിടികൂടി. ഇവരിൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. വിനോദ സഞ്ചാരത്തിനെന്ന പേരിൽ തമിഴ്നാട്ടിൽ എത്തി കന്പത്തുനിന്നു കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് ഇവർ പിടിയിലായത്. സി.ഐ വി.എ സലീമിനൊപ്പം റേഞ്ച് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ, അൽഫോൻസ്, ചന്ദ്രൻ കുട്ടി, സരസപ്പൻ, സുമോദ്, ഷൈജു, രാജേഷ്, ബിജു, സിന്ദു തങ്കപ്പൻ, സമീന്ദ്ര, രജനി എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.