മുണ്ടക്കയം: കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങാനായില്ല. മുണ്ടക്കയം പുത്തൻചന്തയിൽ പണി പൂർത്തീകരിച്ച മന്ദിരം തിരിച്ചുപിടിക്കാൻ ഒരുങ്ങി ഗ്രാമപഞ്ചായത്ത്.
നിർമാണം പൂർത്തീകരിച്ച പുത്തൻചന്ത കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ നോക്കുകുത്തിയായിട്ട് നാലു വർഷം ആകുന്നു.
നിർമാണം കഴിഞ്ഞെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിക്ക് ഡിപ്പോയിലെ പുതിയ തസ്തികകൾ അടക്കമുള്ള ഭൗതികസാഹചര്യങ്ങൾ ക്രമീകരിക്കാൻ ഭാരിച്ച തുക മുതൽമുടക്കേണ്ടതുണ്ട്. ഇക്കാരണത്താൽ പദ്ധതി ഉപേക്ഷിക്കാനാണ് സാധ്യത.
പഞ്ചായത്തുവക സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. ഇതു വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി കോർപറേഷന് കത്ത് നൽകിയിരിക്കുകയാണ്.
അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു.
69 ലക്ഷം രൂപ വിനിയോഗിച്ചാണ് 2015ൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, ഗാരേജ്, പ്ലാറ്റ്ഫോം എന്നിവ നിർമിച്ചത്.
കെട്ടിടം പഞ്ചായത്തിന് വിട്ടുനൽകിയാൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യുതിവകുപ്പ്, ജല അഥോറിറ്റി ഉൾപ്പെടെയുള്ള മറ്റ് ഓഫീസുകൾ ഇവിടേക്ക് മാറ്റി പ്രവർത്തനമാരംഭിക്കാനാവും.
കൂടാതെ ബജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്ന പകൽവീട് ഉൾപ്പെടെയുള്ള നിരവധി പദ്ധതികൾ ഇവിടെ ആവിഷ്കരിക്കുവാൻ സാധിക്കും.
സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ളവ ഇവിടെ വന്നാൽ പുത്തൻ ചന്തയുടെ വികസനത്തിനുതന്നെ വഴിയൊരുക്കും.
ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.