മുണ്ടക്കയം: വാക്കുതർക്കത്തെതുടർന്നു മുണ്ടക്കയത്ത് അർധരാത്രിയിൽ ഭാര്യയുടെയും മകന്റെയും കണ്മുന്നിൽ യുവാവിനെ കുത്തിക്കൊന്നു. പൈങ്ങണയിൽ ആക്രിക്കട നടത്തുന്ന ബൈപ്പാസിനു സമീപം താമസിക്കുന്ന പടിവാതുക്കൽ ആദർശ് (32) ആണ് കുത്തേറ്റു മരിച്ചത്.
ഇന്നലെ രാത്രി 12നു കരിനിലം പോസ്റ്റോഫീസിനു സമീപമുള്ള റോഡിലാണ് ആദർശിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുണ്ടക്കയം കരിനിലം സ്വദേശിയായ ജയൻ (ക്രിമിനൽ ജയൻ -43) ആണ് ആദർശിനെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഇയാൾക്കു വേണ്ടി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അർധരാത്രിയിൽ വാഹനം ഓവർടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെക്കുറിച്ചു ചോദിക്കുന്നതിന് ആദർശ് ക്രിമിനൽ ജയനുമായി സംസാരിച്ചിരുന്നു.
തുടർന്നുണ്ടായ വാക്കേറ്റത്തിൽ ക്രിമിനൽ ജയൻ ആദർശിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുണ്ടക്കയം പോലീസ് പറഞ്ഞു. മുണ്ടക്കയം എസ്എച്ച്ഒ വി. ഷിബുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ മുണ്ടക്കയത്തുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമാണിത്. തുടർച്ചയായുണ്ടാകുന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് മുണ്ടക്കയവും പരിസരപ്രദേശവും. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.