മുണ്ടക്കയം: ബൈക്ക് മോഷ്ടിച്ച് ഒന്നര മണിക്കൂറിനകം മറ്റൊരു സ്ഥലത്ത് ബൈക്ക് ഉപേക്ഷിച്ചു. ആര് ? എന്തിന് ? മുണ്ടക്കയം നിവാസികളുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസമാണ് സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്തു വച്ചിരുന്ന ബൈക്ക് മോഷണം പോയത്.
ഒരു മണിക്കൂറിന് ശേഷം ഒന്നര കിലോമീറ്റർ അപ്പുറത്തുനിന്ന് ബൈക്ക് കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് മുണ്ടക്കയം ഫെസ്റ്റൂണ് കേബിൾ വിഷന്റെ പരിസരത്ത് നിന്നു ബൈക്ക് മോഷണം പോയത്. പിന്നീട് പൈങ്ങനയിൽ നിന്നാണ് ബൈക്ക് കണ്ടെത്തിയത്.
അതേ സമയം ബൈക്കുമായി ഒരാൾ പറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് ആളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മുൻപ് രണ്ട് ബൈക്ക് മോഷ്ടാക്കളെ പോലീസ് കുടുക്കിയത് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. അതുപോലെ ബൈക്ക് മോഷ്ടിച്ചയാളെ കണ്ടെത്താനുള്ള നീക്കം നടന്നു വരുന്നു.
സിസിടിവി ദൃശ്യത്തിലെ ആളെ വ്യക്തമായിട്ടുണ്ട്. പക്ഷേ ഇയാളുടെ ഉദേശ്യം എന്താണെന്നു വ്യക്തമല്ല. ഒരു പക്ഷേ ബൈക്ക് മാറി പോയതാണോ എന്ന സംശയവുമുണ്ട്. യുവാക്കൾ മറ്റു പലരുടെയും ബൈക്ക് ഉപയോഗിക്കുന്പോൾ തിരിച്ചറിയാൻ കഴിയാതെ വരുന്നതാണോ എന്നതാണ് സംശയം.
കാണാതായി കണ്ടെത്തിയ ബൈക്കിന് കേടുപാടുകൾ പറ്റിയിട്ടുണ്ട്. എവിടെയോ ഇടിച്ചു മറിഞ്ഞതാകാമെന്നു കരുതുന്നു. എന്തായാലും ഏതാനും ദിവസത്തിനകം ആളെ കണ്ടെത്തുമെന്നു തന്നെയാണ് പോലീസ് പറയുന്നത്.