മുണ്ടക്കയം: മുണ്ടക്കയം അസംബനിയിൽ മകനും മരുമകളും ചേർന്നു മാതാപിതാക്കളെ മുറിക്കുള്ളിൽ പൂട്ടിയിടുകയും ഭക്ഷണവും വെള്ളവും ലഭിക്കാതെ അച്ഛൻ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ഇന്നു വീട്ടിലെത്തി തെളിവെടുപ്പ് നടത്തും. സമീപവാസികളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യും. തുടർന്നു വിശദമായ റിപ്പോർട്ട് തയാറാക്കി അധികൃതർക്കു സമർപ്പിക്കും.
അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് മുണ്ടക്കയം പോലീസ് പറയുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊടിയിൽ വീട്ടിൽ പൊടിയ(80)നാണ് ഭക്ഷണവും വെള്ളവും ലഭിക്കാതെ മരിച്ചത്.
മാനോനില തെറ്റിയ ഭാര്യ അമ്മിണിയെ (76) കോട്ടയം മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിലാണ്. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നല്കാൻ ജില്ലാ കളക്ടർ സബ് കളക്്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മകൻ റെജി ഭക്ഷണവും വെള്ളവും നല്കാതെ വൃദ്ധമാതാപിതാക്കളെ മാസങ്ങളോളം വീട്ടിനുള്ളിൽ ബന്ധിയാക്കിയിട്ടിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് അയൽവാസികൾ ഭക്ഷണവും വെള്ളവും നല്കിയിരുന്നെങ്കിലും മകൻ റെജി അവരെ അസഭ്യം പറയുകയും ബന്ധുക്കളും നാട്ടുകാരും ഇവിടേക്ക് എത്താതിരിക്കാൻ നായയെ വൃദ്ധദന്പതികൾ കഴിയുന്ന മുറിയിലെ കട്ടിലിൽ നായയെ കെട്ടിയിടുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം ആശാവർക്കർമാരും പാലിയേറ്റീവ് കെയർ അംഗങ്ങളും വിവരം അറിഞ്ഞെത്തിയപ്പോഴണ് ദയനീയ സ്ഥിതി പുറം ലോകമറിയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. ഇരുവരെയും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പൊടിയന്റെ മരണം സംഭവിച്ചിരുന്നു.
ചികിത്സയും മരുന്നും ഭക്ഷണവും ലഭിക്കാത്തതാണ് പൊടിയന്റെ മരണത്തിനു കാരണമെന്നാണ് സൂചന. നാടിനെ നടുക്കിയ സംഭവത്തിൽ വിവിധ മേഖലകളിൽ നിന്നും പ്രതിഷേധം ശക്തമായതോടെ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മകനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും മുണ്ടക്കയം പോലീസ് പറഞ്ഞു. പ്രായാധിക്യം മൂലം അമ്മിണിയ്ക്കും പൊടിയനും മറ്റ് ജോലികൾ ചെയ്യാനാകാതെ വന്നതോടെയാണ് ഇവർ ഒറ്റപ്പെട്ടത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മുണ്ടക്കയം പഞ്ചായത്ത് നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ അംഗങ്ങൾ, ആശാവർക്കർമാർ എന്നിവരുടെ യോഗം കൂടുന്നതാണ്. പൊടിയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ മുണ്ടക്കയം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിച്ചു.