കോട്ടയം: മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മുണ്ടക്കയം വണ്ടൻപതാൽ അസംബനി വാർഡിൽ തൊടിയിൽ അമ്മിണിയുടെ (76) ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്്ടർമാർ അറിയിച്ചു. അമ്മണിയ്ക്കു മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ നല്കി വരികയാണ്.
അമ്മിണിക്കും ഭർത്താവ് പൊടിയനും മകൻ റെജി ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാതെ വീട്ടിലെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. സംഭവം നാട്ടുകാർ അറിഞ്ഞു പൊടിയനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇയാൾ മരണപ്പെടുകയും ചെയ്തിരുന്നു.
വയോധികരായ മാതാപിതാക്കൾക്കു ഭക്ഷണം മരുന്നും നല്കാത്തതു മകന്റെ വീഴ്ചയാണെന്ന് കണ്ടെത്തിയതോടെ പോലീസ് ഇന്നലെ മകൻ റെജിയെ അറസ്റ്റു ചെയ്തു. പൊടിയന്റെ ആന്തരിക അവയവങ്ങൾ ചുരുങ്ങിയിരുന്നതായും ഭക്ഷണം തൊണ്ടയിൽനിന്ന് ഇറങ്ങിയതിന്റെ ലക്ഷണമില്ലെന്നുമായിരുന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
ആന്തരീകാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടികൾ സ്വീകരിക്കും. അമ്മിണിയുടെ തുടർ ചികിത്സയ്ക്കും സംരക്ഷണത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും ഇതിനായി ആശുപത്രി അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടന്നും നവജീവൻ മാനേജിംഗ് ട്രസ്റ്റി പി.യു. തോമസ് അറിയിച്ചു.
ഇന്നലെ സബ് കളക്ടർ രാജകുമാർ ചൗധരിയുടെ നേതൃത്വത്തിലുള്ള സംഘം അസംബനി തൊടിയിൽ പൊടിയന്റെ വീട് സന്ദർശിച്ച് പ്രദേശവാസികൾ, ജനപ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരിൽനിന്നു വിവരങ്ങൾ ചോദിച്ചറിഞ്ഞു. പട്ടിണി മൂലമാണോ വാർധക്യം മൂലമാണോ മരണം സംഭവിച്ചതെന്ന വിവരങ്ങൾ സബ്കളക്ടർ പരിശോധിച്ചു.
സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ പി.പി. ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. ഇരുവരും ഇന്നു ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ മുണ്ടക്കയം പോലീസും കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.