മുണ്ടക്കയം ഈസ്റ്റ്: ഉളികൊണ്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയവേ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ മരണപ്പെട്ടയാളുടെ സുഹൃത്തിനെ പെരുവന്താനം പോലീസ് അറസ്റ്റ് ചെയ്തു. മരുതുംമൂട് ആലപ്പാട്ട് തങ്കച്ചൻ – ഓമന ദന്പതികളുടെ മകൻ ലിൻസൻ (34) ആണ് മരിച്ചത്.
ലിൻസണിന്റെ സുഹൃത്ത് മരുതുംമൂട് കുഴുവേലി മറ്റത്തിൽ അജോ (36) നെയാണ് പെരുവന്താനം എസ്എച്ച്ഒ വി.ആർ. ജയപ്രകാശിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തത്.സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: സുഹൃത്തുകളായ ഇരുവരും അജോയുടെ മരുതുംമൂടിലെ ഫർണിച്ചർ വർക് ഷോപ്പിൽ ഒത്തു കൂടുന്നത് പതിവാണ്.
27നു ഉച്ചകഴിഞ്ഞ് ലിൻസണ് ഇവിടെ എത്തുകയും ഏറെ നേരം ഇവിടെ ചെലവഴിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ സ്ഥിരമായി തന്റെ വർക്ഷോപ്പിൽ വന്നിരിക്കുന്നത് ഒഴിവാക്കണമെന്ന് അജോ ലിൻസനോട് ആവശ്യപ്പെട്ടു.
എന്നാൽ രാത്രി ഏഴോടെ ലിൻസണ് വീണ്ടും അജോയുടെ വർക്ഷോപ്പിൽ എത്തി. ഇവിടെ ഇട്ടിരുന്ന ദിവാൻ കോട്ടിൽ കിടന്ന ലിൻസനോട് വീട്ടിൽ പോകാൻ അജോ അവശ്യപ്പെട്ടു.
ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ഉളി എടുത്ത് ലിൻസണിന്റെ വയറിൽ അജോ കുത്തി. തുടർന്നു മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പീന്നിട് കോട്ടയം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രാത്രിയോടെ ലിൻസണ് മരിച്ചു.
ദിവാൻ കോട്ടിൽ നിന്നും താഴെ വീണപ്പോൾ ഉളി തുളച്ചു കയറി പരിക്കേറ്റതെന്നാണ് അജോ ആശുപത്രിയിലും പോലീസിനോടും പറഞ്ഞത്. മൊഴിയിൽ സംശയം തോന്നിയ പോലീസ് അജോയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു.
ആഴത്തിലണ്ടായ മുറിവും രക്തം ആന്തരീക ഭാഗത്ത് കെട്ടിക്കിടന്നതും മരണ കാരണമായതായി പോലീസ് പറഞ്ഞു. പീരുമേട് കോടതിയിൽ ഹാജരാക്കിയ അജോയെ റിമാൻഡ് ചെയ്തു.
ഡിവൈഎസ്പി സനൽ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജയകുമാർ, ബിജു, എഎസ്ഐ സാനുകുമാർ, എസ്സിപിഒമാരായ ഷിബു, സുനീഷ് എസ്.നായർ, ഷിബു, മുരുകേശൻ, അജിൻ ടി. രാജ്, വിനോദ് കൃഷ്ണ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.