മുണ്ടക്കയം: അനധികൃതമായി മദ്യവിൽപ്പന നടത്തിയെന്ന ആരോപണത്തെ തുടർന്ന് ബിവറേജ് കോർപ്പറേഷന്റെ മുണ്ടക്കയം ഔട്ട് ലെറ്റ് എക്സൈസ് സംഘമെത്തി സീൽ ചെയ്തു.
എക്സൈസ് കോട്ടയം ഡപ്യൂട്ടി കമ്മീഷണർ സുൽഫിക്കറിന്റെ നിർദേശ പ്രകാരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് എക്സൈസ് സംഘമെത്തി സീൽ ചെയ്തത്.
ലോക് ഡൗൺ മൂലം അടച്ചു പൂട്ടിയ ഔട്ട് ലറ്റിൽ നിന്നു നൂറുകണക്കിന് ലിറ്റർ വിദേശ മദ്യം കടത്തുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
സമീപത്തെ റബർ തോട്ടത്തിൽ അനധികൃതമായി സൂക്ഷിച്ച മദ്യം ഇടനിലക്കാർ വഴി വിവിധ പ്രദേശങ്ങളിൽ കച്ചവടം നടത്തിയതായാണ് ആക്ഷേപം ഉയരുന്നത്.
400 രൂപ വില വരുന്ന മദ്യം 1000 രൂപയ്ക്കായിരുന്നു വിൽപ്പന. ഡപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരം ഔട്ട് ലെറ്റിൽ എത്തിയ അന്വേഷണ സംഘം ജീവനക്കാരിൽ നിന്നു മൊഴിയെടുത്തു.
തുടർന്ന് ഔട്ട് ലെറ്റ് പൂട്ടി സീൽ വച്ചു. ലോക് ഡൗണിനു ശേഷം കെഎസ്ഡിസി വിഭാഗവും എക്സൈസ് വിഭാഗവും സംയുക്തമായുള്ള ടീം ഔട്ട് ലെറ്റിൽ എത്തി പരിശോധന നടത്തുമെന്ന് ഡപ്യൂട്ടി കമ്മീഷണർ എ.ആർ. സുൽഫിക്കർ പറഞ്ഞു.
സ്റ്റോക്ക്, കംപ്യൂട്ടർ ബിൽ രജിസ്റ്റർ എന്നിവ വിശദമായി പരിശോധിച്ചു ഉറപ്പു വരുത്തിയതിനു ശേഷമേ ഔട്ട് ലെറ്റിന്റെ പ്രവർത്തനം അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ ഔട്ട് ലെറ്റിലെ മദ്യം എന്ന പേരിൽ വ്യാജ മദ്യം ജീവനക്കാരുടെ സഹായത്തോടെ വിൽപ്പന നടത്തിയതായും ആരോപണം ഉയരുന്നുണ്ട്. സംഭവം സംബന്ധിച്ച് പോലീസ് ഇന്റലിജൻസ് വിഭാഗവും സ്പെഷൽ ബ്രാഞ്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.