മുണ്ടക്കയം/കാഞ്ഞിരപ്പള്ളി: മുണ്ടക്കയം വണ്ടൻപതാലിൽ കോവിഡ് വ്യാപനം ആശങ്ക വിതയ്ക്കുന്പോൾ കോവിഡ് ബാധിതരുടെ സന്പർക്ക പട്ടിക തയാറാക്കാനാവാതെ ആരോഗ്യവകുപ്പും കുഴയുന്നു.
ഒന്പതും 13ഉം പ്രായമുള്ള കുട്ടികളടക്കം എട്ട് പേർക്കാണ് വണ്ടൻപതാലിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു പോലീസുകാരൻ, പൊതുപ്രവർത്തകൻ, പലചരക്ക് വ്യാപാരി എന്നിവർ ഉൾപ്പെടുന്നു. ഇവരെല്ലാവരും ബന്ധുക്കളാണ്.
കോവിഡ് ബാധിതനായ പോലീസുകാരന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സമ്പർക്കമാണ് രോഗ ഉറവിടമെന്നാണ് ആരോഗ്യവകുപ്പ് നിഗമനം. ഇവരുടെ സമ്പർക്ക പട്ടിക ഇതുവരെയായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
കോവിഡ് ബാധിതരിൽ ഒരാൾ മുണ്ടക്കയത്ത് പലചരക്ക് വ്യാപാരിയാണ്. തിരക്കേറിയ ഈ സ്ഥാപനത്തിലെത്തിയ ആളുകളെ കണ്ടെത്തുകയെന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ്. പ്രതിദിനം നൂറിലധികം പേർ ഈ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ആയിരക്കണക്കിനാളുകൾ ഈ സ്ഥാപനത്തിൽ വന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
പൊതുപ്രവർത്തകന്റെ പട്ടികയും തയാറായി വരികയാണ്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഏരിയ, ലോക്കൽ നേതാക്കളടക്കം നിരവധി പേർ സ്വയം നിരീക്ഷണത്തിൽ പോയി.
മുണ്ടക്കയത്തെ സിപിഎം ഓഫീസ് പ്രവർത്തനത്തിൽ നിയന്ത്രണമേർപ്പടുത്തിയതായി ഏരിയ സെക്രട്ടറി കെ. രാജേഷ് അറിയിച്ചു. പൊതുജനത്തിന് ആവശ്യമായ സഹായം നൽകുന്നതിന് ഓഫീസിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായും അറിയിച്ചു.
മുണ്ടക്കയം കോസ് വെ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ധാനാ സ്റ്റേഴ്സ്, വണ്ടൻപതാൽ നജ്മ സ്റ്റോഴ്സ്, മുണ്ടക്കയം ടൗണിൽ ലക്ഷ്മി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ആധാരം എഴുത്ത് ഓഫീസ് എന്നിവിടങ്ങളിൽ ഇക്കഴിഞ്ഞ അഞ്ചു മുതൽ 14 വരെ എത്തിയിട്ടുള്ളവർ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ഹോം ക്വാറന്റൈനിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മുണ്ടക്കയം പഞ്ചായത്തിൽ 6,8 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലാണ്. ഇവിടേക്കുള്ള വഴികളെല്ലാം പോലീസ് ഞായറാ ഴ്ച മുതൽ അടച്ചിരുന്നു.
പാറത്തോട് പഞ്ചായത്തിൽ ഇന്നലെ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എലിക്കുളം പഞ്ചായത്തിൽ രണ്ടു പേർക്കും സന്പർക്കത്തിലൂടെ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
പാറത്തോട് പഞ്ചായത്തിലെ 16-ാം വാർഡിലെ രണ്ടു കുടുംബങ്ങളിലെ നാലു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വാർഡിൽ ഇന്നലെ നടത്തിയ 108 പേരുടെ ആന്റിജൻ പരിശോധനയിലാണ് നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കപ്പാട് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൂതക്കുഴി പ്രദേശത്തെ സന്പർക്കപ്പട്ടികയിലുള്ളവരുടെ ആന്റിജൻ പരിശോധന ഇന്ന് കാഞ്ഞിരപ്പള്ളി ഫാബീസ് ഓഡിറ്റോറിയത്തിൽ നടക്കുന്നുണ്ട്.
ഹൈദരാബാദിൽ നിന്നെത്തിയ പാറത്തോട് സ്വദേശികളായ മൂന്നു പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.