മുണ്ടക്കയം: നിറഞ്ഞുകവിഞ്ഞ അണക്കെട്ട് പോലെ ഭീതി ജനിപ്പിക്കുന്ന പാറമടകള്‍ മൂടിക്കളയാനുള്ള നടപടി ഇഴയുന്നു. കോട്ടയം ജില്ലയില്‍ ജലബോംബുകളായി മാറിയിരിക്കുന്ന പാറമടകള്‍ ഉയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച രാഷ്ട്രദീപിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഓഫീസിലെ മറ്റു തിരക്കുകള്‍ മൂലം റിപ്പോര്‍ട്ട് നല്കാന് ജിയോളജി വകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല.
വിവിധ പഞ്ചായത്തുകളിലായി പാറപൊട്ടിച്ചു മാറ്റിയ ഇരുനൂറോളം മടകളാണ് നിറഞ്ഞൊഴുകി പ്രദേശവാസികളുടെ ജീവനും സ്വത്തും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. കൂട്ടിക്കൽ ഉരുള്‍പൊട്ടലും വന്‍പ്രളയവും കൊക്കയാര്‍ പഞ്ചായത്തിലെ അനധികൃതവും അശാസ്ത്രീയവുമായ പാറപൊട്ടിക്കലിന്റെ പ്രത്യാഘാതമാണെന്നു വിവിധ പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലും മുണ്ടക്കയം മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഉരുള്‍പൊട്ടലിനൊപ്പം പാറമടകളോടു ചേര്‍ന്ന ദുര്‍ബല പ്രദേശം ഒലിച്ചുപോയാല് മടയിലെ വെള്ളം കുതിച്ചൊഴുകി വന്‍നാശം വിതയ്ക്കും. യാതൊരു നിയമപരിരക്ഷയുമില്ലാതെ പ്രവര്‍ത്തിക്കുന്ന മടകള്‍ പരാതികളെയും പ്രക്ഷോഭങ്ങളെയും തുടര്‍ന്ന് പ്രവര്‍ത്തനം നിർത്തിയാല്‍ ഉടമകള്‍ ഉപേക്ഷിച്ചു പോകുകയാണ് പതിവ്.
ഇത്തരം ക്വാറികള്‍ സംബന്ധിച്ച് വ്യക്തമായ രേഖകള്‍ പഞ്ചായത്തിന്റെയോ വില്ലേജിന്റെയോ പക്കല്‍ ഉണ്ടാകാറില്ല. രാഷ്ട്രീയ-ഉദ്യോഗസ്ഥ കോഴ ബന്ധമുള്ള പാറമടലോബിയുടെ പ്രവര്‍ത്തനത്തെപ്പറ്റി ഭയം മൂലം നാട്ടുകാരും പരാതിപ്പെടാറില്ല. കൊടുങ്ങ, വല്യേന്ത മേഖലകളില്‍ സമാനമായ രീതിയില്‍ ഉപേക്ഷിച്ച നിരവധി പാറമടകളുണ്ട്. കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ പ്രവര്‍ത്തനം നിലച്ച പാറമടയില്‍നിന്നു കല്ലും മണ്ണും പുല്ലുകയാറ്റിലേക്ക് ഒഴുകിയെത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു.