മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്ത് പത്താം വാർഡ് പശ്ചിമഭാഗത്ത് വളർത്തുനായ്ക്കൾക്ക് നേരേ അജ്ഞാത ജീവിയുടെ ആക്രമണം. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.
പശ്ചിമ കൊച്ചുപുരയ്ക്കൽ സുബ്രഹ്മണ്യൻ, കൊടുങ്ങേൽ ബാബു, ഈട്ടിക്കൽ ഷാരോൺ, തെക്കേതിൽപറമ്പിൽ അനീഷ് എന്നിവരുടെ നായ്ക്കൾക്കാണ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പഞ്ചായത്തംഗം സിനിമോൾ തടത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതനുസരിച്ച് വനംവകുപ്പ് ആർആർടി ടീം അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.
എന്നാൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായിട്ടില്ല.വനത്തോട് ചേർന്നുകിടക്കുന്ന പശ്ചിമ മേഖലയിൽ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കൊച്ചുകുട്ടികൾ പഠിക്കുന്ന അങ്കണവാടി അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. രാത്രിയിൽ അജ്ഞാത ജീവിയുടെ ആക്രമണം ഉണ്ടായതോടെ ഭയപ്പാടോടെയാണ് നാട്ടുകാർ കഴിയുന്നത്.
മേഖലയിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി തവണയാണ് കാട്ടുപോത്ത് ജനവാസ മേഖലയിലെത്തി ശല്യമുണ്ടാക്കിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുന്നുണ്ടെങ്കിലും നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നും ജീവൻ ഭയന്ന് കഴിയേണ്ട ഗതികേടിലാണ് തങ്ങളെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കുവാൻ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ വനാതിർത്തി മേഖലയിൽ സ്ഥാപിക്കുവാൻ അധികാരികൾ തയാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.