തൊടുപുഴ: തൊടുപുഴ മുണ്ടൻമുടിയിൽ നാലംഗകുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി. മന്ത്രവാദവും വൻ സാന്പത്തിക ഇടപാടുകളും നടത്തിയിരുന്ന കൃഷ്ണനെ ഇടപാടുകളിൽ സഹായിച്ചിരുന്നത് പിടിയിലായ അനീഷായിരുന്നു.
ഈ സാന്പത്തിക ഇടപാടുകളുടെ തുടർച്ചയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പോലീസ് നൽകുന്ന വിവരം. പിടിയിലായ രണ്ടു പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഐജി വിജയ് സാഖറെ ഇടുക്കിയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രതികൾ കൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ ഇവരെ കുഴിച്ചിട്ടു. കുഴിച്ചിടുന്പോൾ മാരകമായി പരിക്കേറ്റ നിലയിലായിരുന്ന കൃഷ്ണനും മകനും ജീവനുണ്ടായിരുന്നു.
പെണ്കുട്ടിയും അമ്മയും നേരത്തെ മരിച്ചു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട കൃഷ്ണന്റെ മകളും അനീഷും തമ്മിൽ പിടിവലിയുണ്ടായിരുന്നു. പിടിവലിക്കിടെ അനീഷിനു പരിക്കേറ്റു. ഇതും കൃഷ്ണന്റെ വീട്ടിൽനിന്നു ലഭിച്ച അനീഷിന്റെ വിരലടയാളവും അന്വേഷണത്തിൽ നിർണായകമായി.
തൊടുപുഴയിൽ വർക്ക് ഷോപ്പ് ജീവനക്കാരനാണ് അനീഷ്. പിടിയിലായ മറ്റൊരാൾ അടിമാലി സ്വദേശിയായ മന്ത്രവാദിയാണെന്നാണു പോലീസ് നൽകുന്ന വിവരം. കൃഷ്ണന്റെ വീട്ടിൽനിന്നു കാണാതായ സ്വർണാഭരണങ്ങൾ അനീഷിന്റെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി.
മുന്പ് മന്ത്രവാദവുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്നതിനായാണ് അനീഷ് കൊലപാതകത്തിനു പദ്ധതിയിട്ടതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. മന്ത്രവാദകർമങ്ങൾ നടത്തുന്ന കൃഷ്ണനെ കൊലപ്പെടുത്തിയാൽ തനിക്കു മന്ത്രശക്തി ലഭിക്കുമെന്നു കരുതിയെന്നും അനീഷ് പോലീസിനു മൊഴി നൽകിയിട്ടുണ്ട്.
കൊലപാതകത്തിനു പിന്നിൽ വൻ സാന്പത്തിക തട്ടിപ്പു സംഘമെന്നാണു പോലീസ് പറയുന്നത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് പോലീസിന് പ്രതികളെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കിട്ടിയത്. നിധി തട്ടിപ്പ്, റൈസ് പുള്ളർ തട്ടിപ്പ് തുടങ്ങിയവയുമായി കൊലപാതകത്തിനു ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ജില്ലാ പോലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് കൃഷ്ണൻ ഭാര്യ സുശീല മകൾ ആർഷ, മകൾ അർജുൻ എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയത്. നാലു പേരെയും അതിക്രൂരമായി കൊല ചെയ്തതിനു ശേഷം കുഴിച്ചു മൂടിയ പ്രതികൾ കൂടുതൽ തെളിവുകൾ അവശേഷിപ്പിക്കാതെയാണ് രക്ഷപെട്ടത്.
കഴിഞ്ഞ 29-ന് അർധരാത്രിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. തെളിവുകളുടെ അഭാവത്തിൽ ശാസ്ത്രീയ പരിശോധനകൾ അടക്കമാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.