നെടുങ്കണ്ടം: നെടുങ്കണ്ടം മേഖലയില്‍ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. കുട്ടികളില്‍ കണ്ടുവരുന്ന ഈ രോഗം മുതിര്‍ന്നവരിലേക്കും പകരാന്‍ തുടങ്ങിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രണ്ട് മാസത്തോളമായി രോഗം വിവിധ മേഖലകളില്‍ വ്യാപിച്ചിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യമായ മുന്‍കരുതലുകളോ നടപടികളോ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.
കൊച്ചുകുട്ടികളിലാണ് രോഗം ആദ്യം ഉണ്ടാകുന്നത്. പിന്നീട് മുതിര്‍ന്നവരിലേക്കും വ്യാപിക്കും. മുണ്ടിനീര് രോഗം മൂലം മേഖലയിലെ പല സ്കൂളുകളും ദിവസങ്ങളോളം അടച്ചിടുകയും ചെയ്തിട്ടുണ്ട്. എല്‍കെജി, യുകെജി വിഭാഗങ്ങളാണ് അടച്ചത്.കവിളിന്റെ സമീപത്തിലുള്ള ഉമിനീര് ഗ്രസ്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര്.
ഒരു പ്രാവശ്യം ബാധിച്ചാല്‍ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാര്‍ശ്വഫലങ്ങളും ഗൗരവമുള്ളതാണ്.
മുണ്ടിനീരിന്റെ കാരണക്കാര്‍ മിക്സോ വൈറസ് കുടുംബത്തില്‍പ്പെട്ട ഒരുതരം വൈറസുകളാണ്. ഉമിനീര് ഗ്രന്ഥികളെ പ്രത്യേകിച്ച് പരോട്ടിഡ് ഗ്രന്ഥികളെ സാധാരണയായി ബാധിക്കുന്ന മുണ്ടിനീര് അപൂര്‍വമായി നാഡിവ്യൂഹത്തെയും ബാധിക്കുന്നതായി കണ്ടുവരുന്നു. രോഗാബധിതരുടെ രക്തം, മൂത്രം, മുലപ്പാല്‍ എന്നിവയിലും ഈ വൈറസ് കാണപ്പെടും.
രോഗപ്പകര്‍ച്ചയും രോഗലക്ഷണങ്ങളും
ഈ രോഗം അധികവും കണ്ടുവരുന്നത് അഞ്ചിനും പതിനഞ്ചു വയസിനും ഇടയ്ക്കുള്ളവരിലാണ്. അഞ്ചാംപനി, ചിക്കന്‍പോക്സ്, വില്ലന്‍ചുമ എന്നീ രോഗങ്ങളെ അപേക്ഷിച്ച് മുണ്ടിനീര് കൂടുതല്‍പേര്‍ക്ക് ബാധിക്കുന്നുണ്ടെങ്കിലും രോഗബാധിതരില്‍ മുപ്പതു മുതല്‍ നാല്പതു ശതമാനം പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെന്നുവരില്ല. പ്രായം ചെന്നവരില്‍ കുട്ടികളെക്കാള്‍ കൂടുതല്‍ ഗൗരവമായി രോഗലക്ഷണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കാണപ്പെടുന്നു.
മുണ്ടിനീര് മറ്റുള്ളവരിലേക്ക് പകരുന്നത് രോഗലക്ഷണങ്ങള്‍ കാണുന്നതിന് നാലു മുതല്‍ ആറുദിവസം മുന്‍പ് മുതല്‍ രോഗം മാറി ഒരാഴ്ച വരെയുള്ള സമയപരിധിയിലാണ്. ഉമിനീരില്‍ കൂടിയോ നേരിട്ടുള്ള സ്പര്‍ശനം വഴിയോ ഈ രോഗം പകരാം. സാധാരണയായി ചെവിവേദനയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. താടി, മുഖം, കവിള്, തൊണ്ട എന്നിവിടങ്ങളില്‍ തടിപ്പോടെ എത്തുന്ന ഈ രോഗം ക്രമേണ തൊണ്ടയില്‍ വലിയ നീരായി രൂപാന്തരപ്പെടും. അസഹനീയമായ വേദനയാണ് ഈ അവസരങ്ങളില്‍ രോഗിക്ക് ഉണ്ടാകുന്നത്.
രോഗ പ്രതിരോധം
ഇന്ന് രോഗ പ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമാണെങ്കിലും ഇവ എടുത്ത ചിലരിലും രോഗം ഉണ്ടാകുന്നുണ്ട്. എംഎംആര്‍ എന്നറിയപ്പെടുന്ന പ്രതിരോധ കുത്തിവയ്പ് കുട്ടികള്‍ക്ക് ഒന്നരവയസ് പ്രായമാകുമ്പോഴാണ് കൊടുക്കുന്നത്. പക്ഷേ ഇതിന്റെ പ്രതിരോധശക്തി എത്രകാലത്തോളം നീണ്ടുനില്‍ക്കുമെന്ന് കൃത്യമായി പറയാനാവില്ല. മുണ്ടിനീരിനായി ഇപ്പോള്‍ ഏഴ് ദിവസത്തെ ആന്റി ബയോട്ടിക്കുകളും വേദന സംഹാരി ഗുളികകളുമാണ് നല്‍കുന്നത്. പൊതുജന സമ്പര്‍ക്കം പാടില്ലെന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.
ആരോഗ്യവകുപ്പിന്റെ അനാസ്ഥ
ഇത്തരം പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയുന്നതിനും മരുന്നുകള്‍ നല്കുന്നതിനുമായി ആരോഗ്യവകുപ്പ് ശുഷ്കാന്തി കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രോഗികളായവര്‍ നിലവില്‍ ആശുപത്രികളില്‍ ചീട്ട് എടുക്കുന്നതിനും ഡോക്ടറെ കാണുന്നതിനും പിന്നീട് മരുന്ന് വാങ്ങുന്നതിനുമായി മണിക്കൂറുകളോളം ക്യൂ നില്ക്കുന്ന സാഹചര്യമാണ്. ഈ സമയങ്ങളില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെടുന്നവര്‍ക്ക് രോഗം പകരാന്‍ സാധ്യത കൂടുതലാണ്.
പഞ്ചായത്തുകളിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ ആരോഗ്യപ്രവര്‍ത്തകർ രോഗികള്‍ക്ക് വീടുകളില്‍ മരുന്ന് എത്തിച്ച് നല്കിയാല് സമ്പര്‍ക്കം ഒഴിവാകുകയും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരുന്നത് തടയുകയും ചെയ്യാം. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.