തൃശൂർ: മുണ്ടൂരിൽ യുവാവിനെ കാർ തടഞ്ഞു നിർത്തി വെട്ടിപരിക്കേൽപ്പിച്ച അക്രമിസംഘത്തെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചു. ഉന്നത ബന്ധങ്ങളുള്ള പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ അറസ്റ്റു ചെയ്യാനാണ് നീക്കം. പ്രതികൾ സംസ്ഥാനം വിടാതിരിക്കാനും ഗൾഫിലേക്ക് കടക്കാതിരിക്കാനുമുള്ള നടപടികൾ പോലീസ് കൈക്കൊണ്ടിട്ടുണ്ട്.
കാറിൽ യാത്ര ചെയ്യുകയായിരുന്ന മുണ്ടൂർ പുളിക്കൽ വീട്ടിൽ സന്തോഷ്കുമാറിനെ(40)യാണ് ഇന്നലെ ഒരു സംഘം റോഡിൽ കാറിനകത്തിട്ട് വെട്ടിപരിക്കേൽപ്പിച്ചത്. സന്തോഷ്കുമാർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. മുണ്ടൂർ – വരടിയം റോഡിൽ ഇന്നലെ രാത്രി ഏഴോടെയാണ് ആക്രമണമുണ്ടായത്. സന്തോഷ്കുമാർ കാറിൽ വീ്ട്ടിലേക്ക് പോകുന്പോൾ കാറിലും ബൈക്കിലുമായി പിന്തുടർന്നെത്തിയ അക്രമികൾ സന്തോഷ്കുമാറിന്റെ കാർ തടഞ്ഞ് കാറിലിട്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഒരു കാറിലും ബൈക്കിലുമായി ആറു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പോലീസ് നൽകുന്ന സൂചന.
സന്തോഷിന്റെ കാറിനു പിന്നിൽ ബ്ലോക്ക് ചെയ്തിട്ട ബൈക്ക് കാറിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. ബൈക്ക് കാറിനടിയിൽ നി്ന്നെടുക്കാൻ കഴിയാതെ വന്നപ്പോൾ ബൈക്ക് ഉപേക്ഷിച്ച് സംഘം കാറിൽ രക്ഷപ്പെട്ടു.
ഗൾഫിലെ സാന്പത്തിക ഇടപാടാണ് ആക്രമണത്തിന് പിന്നിലെന്നാണ് പറയുന്നതെങ്കിലും മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപാണ് സന്തോഷ് ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. പ്രതികൾക്കായി ഇന്നലെ രാത്രി തന്നെ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. അന്വേഷണം ഉൗർജിതമാണെന്നും വൈകാതെ പ്രതികൾ കസ്റ്റഡിയിലാകുമെന്നും പേരാമംഗലം സിഐ പറഞ്ഞു.