സ്വന്തം ലേഖകൻ
അവണൂർ: മുണ്ടൂരിൽ ഇരട്ടക്കൊലക്കേസ് പ്രതിയെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്നുവൈകീട്ടുണ്ടാകും. കേസിലെ മുഖ്യപ്രതിയും മുഖ്യസൂത്രധാരനുമടക്കമുള്ളവർ കസ്റ്റഡിയിലായതായി സൂചനകളുണ്ട്.
കേസിൽ പതിനഞ്ചോളം പേരാണ് ആകെയുള്ളതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് കൊലപാതകം അടക്കം നിരവധി കേസിലെ പ്രതിയായ വരടിയം സ്വദേശി സിജോ(25)യെ ഫോണിൽ വിളിച്ച് വരുത്തി ബൈക്കിൽ കാറിടിപ്പിച്ച് വീഴ്ത്തി വെട്ടി കൊലപ്പെടുത്തിയത്.
ആറാം തിയതി പുലർച്ചെയാണ് സിജോയെ കൊലപ്പെടുത്തിയത്. പ്രതികൾ ഉപയോഗിച്ച കാറുകളിൽ രണ്ടാമത്തേത് കുറ്റൂർ എംഎൽഎ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആദ്യത്തെ കാർ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
രണ്ടു കാറുകളിലും ബൈക്കുകളിലുമായെത്തിവരാണ് സിജോയെ ബൈക്കിൽ കാറിടിച്ച് വീഴ്ത്തി വലിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയത്. സിജോ ഏതെങ്കിലും വിധത്തിൽ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടോടിയാൽ വെട്ടിവീഴ്ത്താനായി സംഭവം നടന്ന സ്ഥലത്തിനു പുറത്തായി ഇടവഴികളിലും കവലകളിലും ബൈക്കിൽ അക്രമസംഘത്തിലെ മറ്റുള്ളവർ ഒളിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഗുണ്ടാ-കഞ്ചാവ് കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നു തന്നെയാണ് പോലീസിന്റെ നിഗമനം. സിജോയ്ക്കൊപ്പമുണ്ടായിരുന്ന നാലു സുഹൃത്തുക്കളിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു. ഇവർ നൽകിയ മൊഴികളുടേയും മൊബൈൽ ഫോണ് കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളെ അധികം വൈകാതെ കസ്റ്റഡിയിലെടുക്കാൻ പോലീസിന് സഹായകമായത്.
കഞ്ചാവുകച്ചവടവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ, പേരാമംഗലത്ത് 2019 ഏപ്രിൽ 24നു രണ്ടുപേരെ വാനിടിച്ചുവീഴ്ത്തി വെട്ടിക്കൊന്ന കേസിൽ അന്ന് പിക്കപ്പ് വാൻ ഓടിച്ചിരുന്ന പ്രതിയാണ് ഇപ്പോൾ കൊല്ലപ്പെട്ട സിജോ.