തിരുവനന്തപുരം: മണ്റോതുരുത്തിൽ വേലിയേറ്റം മൂലം വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന എഴുനൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുമെന്നും ഇതിനുള്ള സ്ഥലം ഉടൻ കണ്ടെത്തുമെന്നും മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ പറഞ്ഞു.
ഒക്ടോബർ മുതൽ മേയ് വരെ അവിടെ വേലിയേറ്റം ശക്തമാണ്. സാംക്രമികരോഗ ഭീതിയുമുണ്ട്. ഇവരെ മാറ്റിപ്പാർപ്പിച്ച് ഭക്ഷണവും താമസവുമൊരുക്കും. വെള്ളക്കെട്ട് ഒഴിവാക്കാൻ തോടുകൾ ആഴംകൂട്ടി തീരസംരക്ഷണം നടത്തും.
804 ചെറിയ നീർച്ചാലുകൾ ആഴം കൂട്ടും. ഇതിനായി മൂന്നുകോടിയുടെ പദ്ധതി ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ അഥോറിട്ടിയും റിപ്പോർട്ട് തയാറാക്കും.
മത്സ്യ, ചെമ്മീൻ കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ വികസന കമ്മിഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്നു.വെള്ളക്കെട്ട് ഒഴിവാക്കാൻ ദീർഘകാല, ഹ്രസ്വകാല പദ്ധതി രൂപരേഖ തയാറാക്കും.
ദുരന്തനിവാരണ അഥോറിട്ടി സാമൂഹ്യാധിഷ്ഠിത ദുരന്ത നിവാരണ പദ്ധതി നടപ്പാക്കുകയാണെന്നും കോവൂർ കുഞ്ഞുമോന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.