കോഴിക്കോട്: പ്ലസ്ടു അഴിമതി കേസില്‍ കെ.എം.ഷാജി എംഎല്‍എക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനിടെ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിനെതിരേയും ആരോപണം.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലവില തെറ്റായി രേഖപ്പെടുത്തിയതിനെതിരേയാണ് തെളിവുകള്‍ സഹിതം കെ.എം.ഷാജിക്കും എം.കെ.മുനീറിനുമെതിരേ പരാതി നല്‍കുന്നതെന്ന് ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസ് “രാഷ്ട്ര ദീപിക’യോടു പറഞ്ഞു.
ഇഡിക്ക് നല്കുന്ന പരാതി സംസ്ഥാന വിജിലന്‍സിനും കൈമാറും. രജിസ്ട്രേഷന് വിഭാഗത്തിനും ഇതു സംബന്ധിച്ചുള്ള പരാതി നല്‍കുമെന്ന് അസീസ് അറിയിച്ചു.
ഷാജിയുടെ ഭാര്യയുടെയും മുനീറിന്റെ ഭാര്യയുടെയും ഇവരുടെ അടുത്ത ബന്ധുക്കളുടെയും പേരില്‍ പാറോപ്പടിയിലെ 92 സെന്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു കോടി രണ്ടര ലക്ഷം രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്.
എന്നാല്‍, 37,27,400 രൂപ നല്കി സ്ഥലം വാങ്ങിയെന്നാണ് ആധാരത്തില്‍ കാണിച്ചത്. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 42 സെന്റ് സ്ഥലത്തിന് 15, 77,700 രൂപയും മുനീറിന്റെ ഭാര്യയുടെ പേരിലുള്ള 30 സെന്റിന് 12,77,700 രൂപയും മറ്റ് രണ്ട് പേരുടെ ഭൂമിക്ക് 8 ,72,000 രൂപയുമാണ് ആധാരത്തില്‍ വിലയിട്ടത്.
രജിസ്ട്രേഷന് ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചുവെന്നതിനു തെളിവാണിതെന്ന് അബ്ദുള്‍ അസീസ് ആരോപിച്ചു.
അതേസമയം ഷാജിക്കെതിരേ വിജിലന്‍സില്‍ നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്. വിജിലന്‍സ് കോടതി ഉത്തരവിനെതുടര്‍ന്നാണ് പരാതി അന്വേഷിക്കുന്നത്.
പ്രാഥമികാന്വേഷണത്തിന് മുന്നോടിയായി കോഴിക്കോട് സ്പെഷല്‍ സെല്‍ എസ്പി വിജിലന്‍സ് മേധാവിക്കു കൈമാറിയിട്ടുണ്ട്.