പാലക്കാട് : വർഗീയ ധ്രുവീകരണം നടത്തുന്നത് നരേന്ദ്ര മോദി പിണറായി വിജയനിൽ നിന്ന് പഠിക്കേണ്ട അവസ്ഥയാണ് ഇന്നുള്ളതെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. സർക്കാരിന്റെ സ്പോണ്സർഷിപ്പോടെ ഉണ്ടാക്കിയ വനിതാ മതിലിനെ വർഗീയ മതിൽ എന്ന് തന്നെ വിളിക്കണം.
സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായി യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനിതാ മതിലിലൂടെ വർഗീയമായി ധ്രുവീകരിക്കുകയാണ് ലക്ഷ്യം. പിണറായി വിജയനെതിരെയോ സി.പി.എം പ്രസ്ഥാനത്തിനെതിരെയോ വരുന്ന ശബ്ദം പോലും കേൾക്കാൻ തയാറല്ല.
ഇതിലൂടെ ഫാഷിസമാണ് കേരളത്തിലേക്ക് കടന്നു വന്നിരിക്കുന്നത്. പിണറായി ശബരിമലയെ അവർണനും സവർണനുമായും ജാതീയമായും വെട്ടിമുറിച്ചു. സാമുദായികമായി കേരളത്തെ പിളർത്തി. വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റി എന്തിനാണ് ശബരിമലയെ തകർക്കുന്നത്. ശബരിമലയിൽ 51 സ്ത്രീകളെ കയറ്റിയെന്ന് പറഞ്ഞ് 50 വയസ് കവിഞ്ഞ സ്ത്രീകളുടെ പട്ടിക നൽകി സുപ്രീം കോടതിയെ അടക്കം പിണറായിയും സർക്കാരും പറ്റിച്ചിരിക്കുകയാണ്.
പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ആർക്കും വീട് ലഭിച്ചിട്ടില്ല. ഉമ്മൻ ചാണ്ടി തുടങ്ങി വെച്ചതും പൂർത്തീകരിച്ച പദ്ധതികളുമല്ലാതെ ഇടതുപക്ഷ സർക്കാർ ഒന്നും ചെയ്തിട്ടില്ല. പ്രസവമെടുത്ത ഡോക്ടറെയാരും വാപ്പ എന്ന് വിളിക്കാറില്ലെന്ന് പിണറായി ഓർക്കണം. ഒരു ലൈഫും ഇല്ലാത്ത പദ്ധതിയാണ് ലൈഫ് മിഷൻ. പ്രളയത്തിൽ തകർന്ന റോഡുകൾ നേരെയാക്കത്തതു കൊണ്ട് ഇനി കേരളത്തിൽ തകരാൻ റോഡുകളൊന്നുമില്ല.
വികസനം എല്ലാ അർത്ഥത്തിലും സംസ്ഥാനത്ത് മുരടിച്ചിരിക്കുകയാണെന്നും മുനീർ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി അധ്യക്ഷത വഹിച്ചു.ഷാഫി പറന്പിൽ എം.എൽ.എ, വി.ടി ബൽറാം എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ, മുൻ എം.പി വി.എസ് വിജയരാഘവൻ, മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, ജില്ലാ പ്രസിഡന്റ് കളത്തിൽ അബ്ദുല്ല, ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായ മംഗലം, ട്രഷറർ പി.എ തങ്ങൾ, സീനിയർ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, സെക്രട്ടറിമാരായ കെ.കെ.എ അസീസ്, കെ.ടി.എ ജബ്ബാർ, പി.ഇ.എ സലാം, എം.എസ് അലവി, മുൻ എം.എൽ.എമാരായ കെ.എ ചന്ദ്രൻ, സി.പി മുഹമ്മദ്, കെ.പി.സി.സി സെക്രട്ടറിമാരായ പി.ജെ പൗലോസ്, സി. ചന്ദ്രൻ, മുൻ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രൻ, കേരള കോണ്ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോബി ജോണ്, ജനതാദൾ (യു.ഡി.എഫ്) സംസ്ഥാന ചെയർമാൻ ജോണ് ജോണ്, ആർ.എസ്.പി നേതാക്കളായ ടി.എം ചന്ദ്രൻ, കെ. രാജൻ, കേരള കോണ്ഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് വി.ഡി ജോസഫ്, സി.എം.പി ജില്ലാ സെക്രട്ടറി പി. കലാധരൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ബി. രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.