ചാലക്കുടി: മുംബൈയിൽ നിന്നുമെത്തിയ കുടുംബം ആരോഗ്യവകുപ്പും നഗരസഭ അധികൃതരും അറിയാതെ ചാലക്കുടിയിൽ വന്നു താമസമാക്കിയതു വിവാദമായി. വേളൂക്കര പഞ്ചായത്തിലെ തുന്പൂരിലെ വീട്ടിലാണ് ഇവരെ ആരോഗ്യവിഭാഗം ക്വാറന്റൈനിലാക്കിയത്.
എന്നാൽ അധികൃതർ അറിയാതെ ഈ കുടുംബം ചാലക്കുടി സെന്റ് മേരീസ് പള്ളിയുടെ സമീപം കാനറി നഗറിൽ വന്നു താമസമാക്കി. ഒഴിഞ്ഞുകിടന്ന വീട്ടിൽ രാത്രിയിൽ ഒരു കുടുംബം വന്നു താമസമാക്കിയതു പരിസരവാസികളിൽ സംശയം ഉണർത്തി.
വാർഡ് കൗൺസിലർ സീമ ജോജോയെ ബന്ധപ്പെട്ടപ്പോൾ ഇവിടെ ആരെയും നഗരസഭ ക്വാറന്റൈനിൽ ആക്കിയിട്ടില്ലെന്ന് അറിയിച്ചു. സീമ ജോജോ നഗരസഭയും ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടപ്പോഴും ഈ മറുപടി തന്നെയാണു ലഭിച്ചത്.
നഗരസഭയും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങിയപ്പോൾ മറ്റൊരു വനിതാ കൗൺസിലറാണു ഈ കുടുംബത്തെ തുന്പൂരിൽ നിന്നും ഇങ്ങോട്ടു കൊണ്ടുവന്നതെന്നു വ്യക്തമായത്. വനിതാ കൗൺസിലറുടെ ബന്ധുവായ കുടുംബത്തിനു തൃശൂരിൽ ആശുപത്രിയിൽ പോകാൻ സൗകര്യത്തിനാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയതെന്ന വിശദീകരണവുമായി ഇവർ രംഗത്തെത്തി.
നഗരസഭ വൈസ് ചെയർമാൻ വിൻസെന്റ് പാണാട്ടുപറന്പിലും, നഗരസഭ സെക്രട്ടറി ആകാശും മറ്റു ആരോഗ്യപ്രവർത്തകരും രാത്രിയിൽ തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും വേണ്ട നടപടികൾ സ്വീകരിക്കാമെന്നു നാട്ടുകാരെ അറിയിച്ചതോടെയാണു ഇവരുടെ പ്രതിഷേധം തണുത്തത്.
ഇന്നുരാവിലെ ചാലക്കുടി നഗരസഭ അധികൃതർ യോഗം ചേരുകയും വേളൂക്കര പഞ്ചായത്ത് ആരോഗ്യപ്രവർത്തകരുമായി സംസാരിച്ചു മേൽനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.