ആലപ്പുഴ: ഹൗസ് ബോട്ട് യാത്രയ്ക്കിടെ ഏഴു വയസുകാരൻ കായലിൽ വീണു മരിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശികളും ഹൈദരാബാദിൽ സ്ഥിര താമസക്കാരുമായ ഗിരീഷ് കുമാർ പ്രജീഷ ദന്പതികളുടെ മകൻ അഭിനവ് കൃഷ്ണ(ഏഴ്)യാണ് മരിച്ചത്. ഇന്നലെ രാത്രി കന്നിട്ട ജെട്ടിക്കു സമീപമായിരുന്നു അപകടം. ചുങ്കം പാലത്തിനു തെക്കുവശം വട്ടപ്പറന്പിൽ ക്ഷേത്രത്തിനു സമീപം നങ്കൂരമിട്ടിരുന്ന ഹൗസ്ബോട്ടിൽ നിന്നാണ് കുട്ടി കായലിൽ വീണത്.
ഫയർഫോഴ്സ് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള കയത്തിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. ഒരാഴ്ച മുന്പ് കൈനകരി മുണ്ടയ്ക്കൽ പാലത്തിനു സമീപം മുംബൈയ് സ്വദേശികളുടെ മകളായ രണ്ടു വയസുകാരി ഹൗസ്ബോട്ടിൽ നിന്നുവീണ് മരിച്ചതിന്റെ ആഘാതം മാറുന്നതിനു മുന്പാണ് അടുത്ത ദുരന്തം.