അശോകന്‍ നീര്‍ച്ചാല്‍
പെര്‍ള:എന്‍മകജെ അഡ്യനടുക്ക സായ കൊമ്പറബെട്ടുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം നാടിനെ വിറങ്ങലിപ്പിച്ചു. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് നിര്‍ധന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച മൂന്നു പെണ്‍കുട്ടികളും. വീടിന്‍റെ അരക്കിലോ മീറ്റര്‍ അകലെയുള്ള കുളത്തിലാണ് മൂന്നു കുട്ടികളും മുങ്ങിമരിച്ചത് ഇന്നലെ സ്കൂള്‍ അവധിയായതു കൊണ്ട് ഉച്ചഭക്ഷണം കഴിച്ച് മൂന്നു മണിയോടെ കളിക്കാന്‍ പോകുന്നുവെന്നു പറഞ്ഞാണു കുട്ടികള്‍ വീട്ടില്‍ നിന്നുമിറങ്ങിയത്.
എന്നാല്‍ ഇവര്‍ കാടുപിടിച്ച സ്ഥലത്തു കൂടി അരകിലോമീറ്റര്‍ അകലെയുള്ള കുളത്തില്‍ കുളിക്കാനെത്തുകയായിരുന്നു. നാല് പെണ്‍കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. മരിച്ച മുംതാസിന്‍റെ സഹോദരി ഫസ്‌നയും (ഏഴ്) കൂടെയുണ്ടായിരുന്നുവെങ്കിലും കുളത്തിലിറങ്ങിയിരുന്നില്ല. മറ്റുള്ളവര്‍ കുളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട് ഫസ്‌ന ഓടി വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഒന്നടങ്കം കുളത്തിലെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. ഏറെ വൈകിയാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞത്. അപ്പോഴേക്കും മൂന്നു പേരും മരിച്ചിരുന്നു. വിവരമറിഞ്ഞ് ജനപ്രവാഹമായിരുന്നു കുളത്തിന്‍കരയിലേക്ക്. പിന്നീട് മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ അവിടേക്കും ജനപ്രവാഹം തുടര്‍ന്നു.