കൽപ്പറ്റ: വിനോദയാത്രയ്ക്കു കായംകുളത്തുനിന്നു വയനാട്ടിലെത്തിയ ആറംഗ സംഘത്തിലെ മൂന്നു യുവാക്കൾ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കായംകുളം വള്ളരിക്കൽ പുത്തൻപറന്പിൽ ധനേശന്റെ മകൻ നിധിൻ(23), പീക്കാട്ടിൽ കാർതികേയന്റെ മകൻ ജിതിൻ(23), വള്ളരിക്കൽ ബിനുവിന്റെ മകൻ ബിജിലാൽ(20)എന്നിവരാണ് മരിച്ചത്.
മേപ്പാടി ചുളുക്ക എവിടി തേയില ഫാക്ടറിക്കു സമീപം പുഴയിലെ പൊൻകുണ്ട് വെള്ളക്കെട്ടിൽ ഇന്നലെ വൈകുന്നേരം നാലരയോടെയാണ് ദുരന്തം. കാറിലാണ് സംഘം ചുളുക്കയിൽ എത്തിയത്. ആദ്യം വെള്ളക്കെട്ടിയിൽ ഇറങ്ങിയ നിധിൻ ചുഴിയിൽപ്പെടുകയായിരുന്നു. നിധിനെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് ജിതിനും ബിജിലാലും അപകടത്തിൽപ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വെള്ളക്കെട്ടിൽനിന്നു കയറ്റിയപ്പോഴേക്കും മൂന്നു പേരുടെയും ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങൾ മേപ്പാടി അരപ്പറ്റ ഡിഎം വിംസ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടം ഇന്നു വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയിൽ നടത്തും. പാറക്കെട്ടുകൾ നിറഞ്ഞതും ആഴമുള്ളതുമാണ് യുവാക്കൾ അപകടത്തിൽപ്പെട്ട പൊൻകുണ്ട്. ആദ്യമായാണ് ഇവിടെ അപകടമെന്നു പ്രദേശവാസികൾ പറഞ്ഞു.