റാന്നി: ഒരു കുടുംബത്തിലെ മൂന്നുപേരുടെ ദാരുണാന്ത്യത്തിനു സാക്ഷിയാകേണ്ടിവന്ന പമ്പാതീരം ശോകമൂകം. റാന്നിയിലെ മുണ്ടപ്പുഴ കടവില്‍ ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
പുതുശേരിമല സ്വദേശികളായ അനില്‍കുമാര്‍, മകള്‍ നിരഞ്ജന, സഹോദരന്റെ മകന് ഗൗതം എന്നിവരാണ് പമ്പാനദിയില്‍ മുങ്ങിമരിച്ചത്.
ഇന്നലെ വൈകുന്നേരം പമ്പാനദിയില്‍ കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനുമായെത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
അനില്‍ കുമാറിന്റെ ഭാര്യയും ഒഴുക്കിൽപ്പെട്ടെങ്കിലും സ്ഥലത്തുണ്ടായിരുന്ന സ്ത്രീകള്‍ എറിഞ്ഞുകൊടുത്ത സാരിയില്‍ പിടിച്ച് അവര്‍ രക്ഷപ്പെട്ടു.
പുതുശേരിമല സ്വദേശികളായ കുടുംബം റാന്നിയില്‍ സഹോദരന് സുനിലിന്റെ വീട്ടിലെത്തിയശേഷമാണ് കടവിലേക്കു വന്നത്. സുനിലിന്റെ മകന് ഗൗതമിനെയും ഒപ്പുംകൂട്ടി.
നിരഞ്ജന അച്ഛനെ വിളിച്ച് അലറി
മുണ്ടപ്പുഴ കടവില്‍ വസ്ത്രങ്ങള്‍ കഴുകിക്കൊണ്ടിരുന്ന സ്ത്രീകളാണ് അപകടത്തിന് ദൃക്സാക്ഷികളായത്. കുളിച്ചുകൊണ്ടിരുന്നവരില് ഗൗതമാണ് ആദ്യം ഒഴുക്കില്പ്പെട്ടതെന്നു പറയുന്നു. ഗൗതമിനെ രക്ഷിക്കാനുള്ള ശ്രമത്തിലും അനില്‍കുമാറും മുങ്ങിത്താഴ്ന്നു. പിന്നാലെ അലറി വിളിച്ച് നിരഞ്ജനയും മുങ്ങിത്താഴ്ന്നു.
കരയില്‍നിന്ന സ്ത്രീകള്‍ സാരി എറിഞ്ഞുകൊടുത്തെങ്കിലും അതില്‍ പിടിക്കാന്‍ നിരഞ്ജന തയാറായില്ലെന്ന് പറയുന്നു. അച്ഛാ, അച്ഛാ എന്നുവിളിച്ച് കരയുകയായിരുന്നു.
പമ്പാനദിയില്‍ മുങ്ങിമരിച്ച മൂവരുടെയും മൃതദേഹങ്ങള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന്, ആന്റോ ആന്റണി എംപി തുടങ്ങിയവര്‍.
വെള്ളം കുറവെങ്കിലും നദിയില്‍ അപകടക്കുഴികള്‍
പമ്പാനദിയില്‍ വെള്ളം കുറവെങ്കിലും അപകടസാധ്യതയുള്ള സ്ഥലങ്ങളേറെയുണ്ട്. പലയിടങ്ങളും ചുഴികള്‍ നിറഞ്ഞതാണ്. മുണ്ടപ്പുഴയില്‍ ജല അഥോറിറ്റിയുടെ കിണറിനു സമീപത്താണ് അപകടം നടന്നത്.
ഇവിടെ വെള്ളക്കൂടുതലും കുഴികളും നിറഞ്ഞ ഭാഗമാണ്. മുന്‍പരിചയമില്ലാത്തവര്‍ ഇത്തരം സ്ഥലങ്ങളില്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. മലയോര മേഖലകളില്‍ ജലക്ഷാമം ഉണ്ടായതോടെ കൂടുതല്‍ ആളുകള്‍ നദീജലത്തെ ആശ്രയിച്ച് എത്തുന്നുണ്ട്. ഏറെപ്പേര്‍ക്കും സ്ഥലപരിചയമില്ലാത്തവരാണ്.
നീന്തലും വശമില്ലെങ്കില്‍ അപകടത്തില്‍പ്പെടാനിടയുണ്ട്. വേനല്‍ക്കാലത്ത് പമ്പ, മണിമല നദികളില്‍ ഇത്തരം അപകടങ്ങള്‍ കൂടുതലായി ഉണ്ടാകാറുണ്ട്. ഞായറാഴ്ചകളിലാണ് കൂടുതല്‍ പേര് നദീതീരത്ത് എത്തുന്നത്.
രക്ഷാപ്രവര്‍ത്തനവുമായി ഫയര്‍ഫോഴ്സ്
അപകടവിവരം അറിഞ്ഞ് റാന്നിയില്‍നിന്നുള്ള ഫയര്‍ഫോഴ്സ സംഘം ഉണര്‍ന്നു പ്രവര്‍ത്തിച്ചു.സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ സംഘം അരമണിക്കൂറിനുള്ളില്‍ ഗൗതമിന്റെ മൃതദേഹം കണ്ടെടുത്തു.അപ്പോഴേക്കും പത്തനംതിട്ടയില്‍നിന്നും സ്കൂബാ സംഘവും സ്ഥലത്തെത്തിയിരുന്നു.
പിന്നാലെ അനില്‍കുമാറിന്റെയും നിരഞ്ജനയുടെയും മൃതദേഹങ്ങളും കണ്ടെടുത്തു.സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനു സഹായിച്ചു. മന്ത്രി റോഷി അഗസ്റ്റിന്, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണ്‍ എംഎല്‍എ, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമാരായ ബിന്ദു റെജി, കെ.ആര്. പ്രകാശ്, അനിത അനില്‍ കുമാര്‍ എന്നിവരും അപകടസ്ഥലത്തും റാന്നി താലൂക്ക് ആശുപത്രിയിലുമെത്തി.