ഹരിപ്പാട്: പന്പയാറിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കൾ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ കീപ്പള്ളിൽ രാജേന്ദ്രൻപിള്ളയുടെ മകൻ ശ്രീജിത്ത് (24), പന്മന തറയിൽ പുത്തൻവീട്ടിൽ അലിയാരുകുഞ്ഞിന്റെ മകൻ അനീഷ്(26), പന്മന മാവേലി പരിയാരത്ത് പുത്തൻവീട്ടിൽ കമറുദ്ദീന്റെ മകൻ സജ്ജാദ്(25) എന്നിവരാണ് മരിച്ചത്. വീയപുരം അന്പലക്കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനായിരുന്നു അപകടം.
സുഹൃത്തുക്കളായ അഞ്ചു പേർ ഒരുമിച്ചാണ് കുളിക്കാനിറങ്ങിയത്. വിവാഹ നിശ്ചയം കഴിഞ്ഞ ശ്രീജിത്ത്മുങ്ങുന്നതുകണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുരണ്ടുപേർ അപകടത്തിൽപ്പെട്ടത്. ശ്രീജിത്ത് അടുത്ത മാസം വിദേശത്ത് തിരികെപ്പോകാൻ ഇരിക്കേയാണ് അപകടം ഉണ്ടായത്.
ഹരിപ്പാട് ഫയർഫോഴ്സും വീയപുരം പോലീസും നാട്ടുകാരും നടത്തിയ തെരച്ചിലിൽ മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.