വെഞ്ഞാറമൂട്: വാമനപുരം നദിയിലെ ചുഴിയിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടി തെരച്ചിൽ തുടരുന്നു. വെള്ളല്ലൂർ കുഴക്കാട്ടു വീട്ടിൽ രാജേന്ദ്രൻ-ലീന ദമ്പതികളുടെ മകൻ ആദീപ് (29) ആണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം 5.30 ഓടെ വാമനപുരം നദിയുടെ കൊടുവഴന്നൂർ കൂളിക്കടവിൽ രണ്ടു സുഹൃത്തുക്കളുമൊത്ത് ആദിൽ കുളിക്കാനിറങ്ങപ്പോഴായിരുന്നു ദുരന്തം.
കൂട്ടുകാർ നീന്തി രക്ഷപ്പെട്ടെങ്കിലും ആദിൽ വെള്ളത്തിലെ ചുഴിയിൽപ്പെട്ടു താഴ്ന്നു പോകുകയായിരുന്നു. വെഞ്ഞാറമൂട്, നഗരൂർ പോലീസും വെഞ്ഞാറമൂട് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്. ഞായറാഴ്ച ഇരുട്ടുവീണപ്പോൾ നിർത്തിയ തെരച്ചിൽ രാവിലെ വീണ്ടും പുനരാരംഭിച്ചു.
വെള്ളല്ലൂർ സ്വദേശിയായ പെൺകുട്ടിയുമായി ആദീപിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.