പത്തനാപുരം: പട്ടാഴിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി വടക്കേക്കര ഏറത്തു വടക്ക് നന്ദനത്തിൽ ആദർശ് -സരിത ദമ്പതികളുടെ മകൻ ആദിത്യൻ(14), അമ്പാടിയിൽ അനി -ശ്രീജ ദമ്പതികളുടെ മകൻ അമൽ (14)എന്നിവരുടെ മൃതദേഹങ്ങൾ ആണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപത്തു നിന്നും കണ്ടെത്തിയത്. ഇരുവരും വെണ്ടാർ വിദ്യാധിരാജ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്.
ഫുട്ബോൾ പരിശീലനത്തിന്റെ ഭാഗമായി ഇന്നലെ ഇരുവരും സ്കൂളിൽ പോയിരുന്നില്ല.വൈകുന്നേരം മൂന്നോടെയാണ് ഇരുവരെയും കാണാനില്ല എന്ന് അറിയുന്നത്. നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല.
ഇന്ന് പുലർച്ചെ നാട്ടുകാർ നടത്തിയ തെരച്ചിലിൽ ആണ് കല്ലടയാറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആറ്റിൽ കുളിക്കാനിറങ്ങവേ ചുഴിയിൽ അകപ്പെട്ടതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.